നോമ്പുകാലത്ത് പൂർണ്ണ ദണ്ഡവിമോചനം നേടാനുള്ള നാലുവഴികൾ
വിശ്വാസികളെ സംബന്ധിച്ചിടത്തോളം നോമ്പുകാലം ആത്മീയ നവീകരണത്തിന്റെയും മാനസാന്തരത്തിന്റെയും സമയമാണ്. പാപമോചനം ലഭിച്ച പാപങ്ങളുടെ ശിക്ഷയിൽ നിന്നുള്ള പൂർണ്ണമായ വിടുതലാണ് ‘ പൂർണ്ണ ദണ്ഡവിമോചനം ‘ എന്ന് ലളിതമായി പറയാം. ഒരാൾക്ക് തന്റെ ആത്മാവിനു വേണ്ടിയോ അല്ലെങ്കിൽ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയോ ഇത് അപേക്ഷിക്കാവുന്നതാണ്.
ദിവസവും പൂർണ്ണ ദണ്ഡവിമോചനം നേടുന്നതിനായി സഭ നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട നാല് വഴികൾ നമുക്ക് നോക്കാം.
1. കുരിശിന്റെ വഴി
നോമ്പുകാലത്ത് കുരിശിന്റെ വഴി ചൊല്ലി ധ്യാനിക്കുന്നത് വഴി ദണ്ഡവിമോചനം ലഭിക്കും. അംഗീകരിക്കപ്പെട്ട 14 സ്ഥലങ്ങൾക്ക് മുൻപിൽ നിന്നായിരിക്കണം ഇത് ചൊല്ലേണ്ടത്. പള്ളിയിൽ പോകാൻ സാധിക്കാത്തവർക്ക് അല്പസമയം കർത്താവിന്റെ പീഡാനുഭവങ്ങളെക്കുറിച്ച് ഭക്തിപൂർവ്വം വായിച്ചോ ധ്യാനിച്ചോ ഇത് നേടാവുന്നതാണ്.
2. പരിശുദ്ധ ജപമാല ചൊല്ലുക
പള്ളിയിലോ കുടുംബമായോ സന്യസ്ത സമൂഹങ്ങളോടൊപ്പമോ ഭക്തിപൂർവ്വം ജപമാല അർപ്പിക്കുന്നത് വഴി ഇത് ലഭിക്കും. ജപമാലയുടെ അഞ്ച് മണികൾ തുടർച്ചയായി ചൊല്ലുകയും രഹസ്യങ്ങൾ ധ്യാനിക്കുകയും വേണം.
3. ദിവ്യകാരുണ്യ ആരാധന
വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വെച്ചിരിക്കുന്നയിടത്തോ അല്ലാതെയോ ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ കുറഞ്ഞത് അരമണിക്കൂർ സമയം ആരാധനയ്ക്കായി ചിലവഴിക്കുന്നത് വഴി പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാം.
4. വിശുദ്ധ ഗ്രന്ഥ പാരായണം
ദൈവവചനത്തോടുള്ള ആദരവോടെ വിശുദ്ധ ബൈബിൾ കുറഞ്ഞത് അരമണിക്കൂർ നേരം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് വഴി ദണ്ഡവിമോചനം ലഭിക്കും.
ഒരു പാപസങ്കീർത്തനം വഴി ഒന്നിലധികം ദണ്ഡവിമോചനങ്ങൾ നേടാമെങ്കിലും ഓരോ ദിവസത്തെയും ദണ്ഡവിമോചനത്തിന് പ്രത്യേകമായി വിശുദ്ധ കുർബാന സ്വീകരണവും പാപ്പയുടെ നിയോഗത്തിനായുള്ള പ്രാർത്ഥനയും ആവശ്യമാണ്.
സീനിയ എൽസ ഇഗ്‌നേഷ്യസ്
കടപ്പാട് ലൈഫ് ഡേ