ഈസ്റ്റർ : മുട്ടത്തോടിനുള്ളിൽ ഒളിച്ചിരിക്കുന്ന വിശ്വാസം?!
വിശ്വാസത്തിന്റെ വലിയൊരു പ്രത്യാശയെ അടയാളപ്പെടുത്തുന്ന ദിനമാണ് ഈസ്റ്റർ.
മരണത്തിന്മേൽ ജീവൻ നേടിയ വിജയം എന്ന് നാം ഇതിനെ വിശേഷിപ്പിക്കുന്നു. എന്നാൽ ഇന്ന് ഈസ്റ്റർ ആഘോഷങ്ങൾ കേവലം 'ഈസ്റ്റർ മുട്ടകളിലേക്കും' സോഷ്യൽ മീഡിയയിലെ വർണ്ണചിത്രങ്ങളിലേക്കും ചുരുങ്ങുമ്പോൾ, ഉത്ഥാനത്തിന്റെ യഥാർത്ഥ പൊരുൾ എവിടെയോ നഷ്ടമാകുന്നു.
ചരിത്രത്തിലെ മുട്ടയും ഇന്നത്തെ വിപണിയും
കോഴിമുട്ടയുടെ ഉറപ്പുള്ള തോടിനെ ക്രിസ്തുവിനെ അടക്കം ചെയ്ത ശവക്കല്ലറയുടെ പ്രതീകമായാണ് ആദ്യകാല വിശ്വാസികൾ കണ്ടിരുന്നത്. നിശ്ചലമായ മുട്ടയ്ക്കുള്ളിൽ ജീവൻ തുടിക്കുന്നതും, തോട് പൊട്ടിച്ച് കുഞ്ഞ് പുറത്തുവരുന്നതും ഉത്ഥാനത്തിന്റെ അടയാളമായിരുന്നു. എന്നാൽ ഇന്ന് പല പള്ളികളിലും വീടുകളിലും അലങ്കരിച്ച മുട്ടകൾ വിതരണം ചെയ്യുമ്പോൾ ആ ആഴമേറിയ ചരിത്രം ആരും ഓർക്കാറില്ല.
ഒരു ഡിസൈനറുടെ കൈയ്യിൽ ഈസ്റ്റർ എത്തുമ്പോൾ അവിടെ കുരിശോ, കല്ലറയോ, ബൈബിൾ വചനങ്ങളോ ഉണ്ടാകില്ല. പകരം കുറച്ചു വർണ്ണശബളമായ മുട്ടകൾ മാത്രം. ക്രൈസ്തവ വിശ്വാസമില്ലാത്ത ഒരു ഡിസൈനർ എളുപ്പവഴികൾ നോക്കുന്നത് സ്വാഭാവികം. എന്നാൽ ഉത്ഥാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു വിശ്വാസിയും ആ മുട്ടത്തോടിനുള്ളിൽ കുടുങ്ങിക്കിടക്കണോ?
ഒളിച്ചോടുന്ന വിശ്വാസം
ഇന്ന് പലരും ഒരു 'സെക്യുലർ' പരിവേഷം ചമയാൻ ശ്രമിക്കുകയാണ്. താൻ മതതീവ്രവാദിയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിനേക്കാളും കുരിശിനേക്കാളും സുരക്ഷിതമായ മുട്ടത്തോടുകളിൽ അഭയം കണ്ടെത്തുന്നു.
ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനും ആരെയും പിണക്കാതിരിക്കാൻ ക്രിസ്തുവിനെ ഒളിപ്പിക്കുന്നു.
ക്രിസ്മസ് കാലത്ത് പുൽക്കൂടിന് പകരം തൊപ്പിയും നക്ഷത്രവും സാന്തക്ലോസും..മാത്രം തിരയുന്നതും ഇതേ മനോഭാവത്തിന്റെ തുടർച്ചയാണ്.
ഒരുപക്ഷേ നിങ്ങൾക്കുവേണ്ടി ആരെങ്കിലും രൂപകല്പന ചെയ്ത മുട്ടത്തോടിന്റെ ചിത്രങ്ങൾ മാത്രമായിരിക്കും നിങ്ങൾ പങ്കുവെക്കുന്നത്. അതിൽ കുറ്റപ്പെടുത്തുന്നില്ല,
പക്ഷേ സ്വയം ന്യായീകരിക്കുവാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ നേരിയൊരു കുറ്റബോധമെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് നല്ലതാണ്.
നമ്മുടെ രക്ഷകനും നാഥനുമായ ഈശോയോ മാലാഖമാരോ നമ്മെ "അറിയില്ല" എന്ന് ഒരിക്കൽപോലും പറയുവാൻ ഇടവരരുത് എന്ന് നാം ആഗ്രഹിക്കണം.
വൈക്കോലും മുട്ടയും മതിയോ?
നമ്മുടെ പിതാവിന്റെയോ മാതാവിന്റെയോ അനുസ്മരണം നടക്കുമ്പോൾ അവരുടെ ചിത്രം ഒഴിവാക്കി, പ്രധാന മേശപ്പുറത്ത് കുറച്ച് മുട്ടകളോ വൈക്കോലോ മാത്രം അഹങ്കാരത്തോടെ വെച്ച് നാം തൃപ്തിപ്പെടുമോ?
അങ്ങനെ അവരുടെ സാന്നിധ്യം മറച്ചുവെച്ചാൽ അതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക?
ആദരവാണോ അതോ അവഗണനയാണോ? ജീവന്റെ ഉറവിടമായ ക്രിസ്തുവിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ആഘോഷങ്ങൾക്കും ഇതേ അർത്ഥം തന്നെയാണ് വരുന്നത്.
സുവിശേഷത്തിന് സാക്ഷ്യം നൽകുക
ഈശോയുടെ വാക്കുകൾ നാം ഓർക്കേണ്ടതുണ്ട്:
"മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും" (മത്തായി 10:32).
ഉത്ഥാനത്തിൽ വിശ്വസിക്കാതെ ലോകത്തെ ഭയന്ന് ഒളിച്ചോടുന്നവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്.
ഒരിക്കൽ ഭയന്ന് ഒളിച്ചോടുകയും പതറിപ്പോവുകയും ചെയ്ത ശിഷ്യന്മാർ പിന്നീട് ഉത്ഥിതനെ കണ്ടുമുട്ടിയപ്പോൾ വിളിച്ചുപറഞ്ഞത് ഇതാണ്:
"ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല" (അപ്പ. പ്രവർത്തനങ്ങൾ 4:20).
ഈ ആർജ്ജവമാണ് ഇന്നത്തെ വിശ്വാസിക്ക് ഉണ്ടാകേണ്ടത്.
ഈസ്റ്ററിനെ വെറുമൊരു 'ഭക്ഷണപ്പെരുന്നാൾ' ആയോ 'മുട്ട പെരുന്നാൾ' ആയോ കാണുന്നവർ ആ മഹത്തായ സന്ദേശത്തെ ലഘൂകരിക്കുകയാണ്.
മുട്ടത്തോടിന്റെ സുരക്ഷിതമായ ആവരണങ്ങൾ ഭേദിച്ച് കുഞ്ഞുജീവൻ പുറത്തുവരുന്നത് പോലെ, ലോകത്തെ ഭയപ്പെടുന്ന ആചാരങ്ങളുടെ ഇടുങ്ങിയ ചിന്തകളിൽ നിന്ന് പുറത്തുവരേണ്ടതുണ്ട്.
കല്ലറ ഒഴിഞ്ഞുകിടക്കുന്നു എന്ന സത്യം ലോകത്തോട് വിളിച്ചുപറയാൻ മുട്ടത്തോടുകൾ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് മടങ്ങാം.
ഏവർക്കും ജീവന്റെ തിരുനാൾ ആശംസകൾ!🙏🏽🌹💐
സാബു ജോസ്
പൂക്കാട്ടുപടി, എറണാകുളം.
ഫോൺ: 9446329343