മാമ്മോദീസ എന്ന കൂദാശയുടെ സ്വർഗീയ മധ്യസ്ഥൻ ആരാണെന്നറിയാമോ?
കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങുകളിൽ നാം പങ്കെടുക്കാറുണ്ട്. അവരുടെ ജ്ഞാന സ്നാന മാതാപിതാക്കളെയും നാം കാണാറുണ്ട്. എന്നാൽ മാമ്മോദീസ എന്ന കൂദാശയുടെ സ്വർഗീയ മധ്യസ്ഥൻ ആരാണെന്നറിയാമോ? ആ വിശുദ്ധന്റെ പേരിൽ തന്നെയുണ്ട് അദ്ദേഹത്തിന്റെ രക്ഷാധികാരവും. മറ്റാരുമല്ല, അത് വിശുദ്ധ സ്നാപക യോഹന്നാൻ ആണ്.
യേശുക്രിസ്തുവിനു മാമ്മോദീസ നൽകിയത് സ്നാപക യോഹന്നാൻ ആണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഒരു പ്രവാചകൻ, ക്രിസ്തുവിന്റെ മുന്നോടി, യേശുവിനെ സ്നാനപ്പെടുത്തിയ മനുഷ്യൻ എന്നീ നിലകളിൽ വിശുദ്ധനെ ഓർമ്മിക്കുന്നു. പാപത്തിൽ നിന്ന് പിന്തിരിയാൻ ആളുകളോട് ആഹ്വാനം ചെയ്തതും, യേശുവിനെ ആദ്യം പരസ്യമായി ഏറ്റുപറഞ്ഞതും സ്നാപകനായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിന് ഏകദേശം ആറ് മാസം മുമ്പാണ് വിശുദ്ധ യോഹന്നാൻ ജനിച്ചതെന്ന് പണ്ഡിതന്മാർ പറയുന്നു.
യൂദയായിലെ മരുഭൂമിയിൽ വർഷങ്ങളോളം ഒരു സന്യാസിയായി വിശുദ്ധൻ ജീവിച്ചു. 30 വയസ്സുള്ളപ്പോൾ അദ്ദേഹം ജോർദാൻ നദിയുടെ തീരത്ത് പരസ്യമായി പ്രസംഗിക്കാൻ തുടങ്ങി. സ്നാനത്തിന്റെയും പാപമോചനത്തിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം ജനക്കൂട്ടത്തെ ബോധവൽക്കരിച്ചു. ഒരു ദിവസം സ്നാനപ്പെടുത്തുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ, സ്നാനമേൽക്കാൻ വന്ന യേശുവിനെ യോഹന്നാൻ കണ്ടുമുട്ടി.
ജൂൺ 24 ന് സ്നാപക യോഹന്നാന്റെ തിരുനാൾ ആഘോഷിക്കുന്നു. രോഗികൾ, നഴ്‌സുമാർ, പുസ്തക വിൽപ്പനക്കാർ, പ്രിന്റിങ് ജോലിയിൽ ഏർപ്പെടുന്നവർ, ഹൃദ്രോഗികൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവർക്കൊക്കെയും വിശുദ്ധനോട് മാധ്യസ്ഥം അപേക്ഷിക്കാം.
കടപ്പാട് ലൈഫ് ഡേ