ഒക്ടോബർ എങ്ങനെ ജപമാലമാസമായി എന്നറിയാമോ?

 
kontha

ഒക്ടോബര്‍ മാസം ജപമാല മാസം എന്നറിയപ്പെടുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഒക്‌ടോബര്‍ 7 ാം തീയതിയാണ് ജപമാല മാതാവിന്റെ തിരുനാള്‍. പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ പ്രത്യേക ഇടപെടല്‍ വഴി സംഭവിച്ച ഒരു വലിയ വിജയത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് കത്തോലിക്കാ സഭ ഒക്ടോബര്‍ 7 ജപമാല തിരുനാളായി പ്രഖ്യാപിച്ചത്.

ഏഡി 1571 ഒക്ടോബറില്‍ യൂറോപ്പിലെ കത്തോലിക്കാ സഭ മുസ്ലിം തുര്‍ക്കികളില്‍ നിന്ന് വലിയ ഭീഷണി നേരിട്ടിരുന്നു. മധ്യേഷ്യ ആക്രമിച്ച് അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെയെല്ലാം ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശേഷം തുര്‍ക്കികള്‍ മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങി. യൂറോപ്പിലെ ക്രിസ്ത്യന്‍ സാമ്രാജ്യങ്ങളെ കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

അപകടം മുന്നില്‍ കണ്ട മാര്‍പാപ്പാ യൂറോപ്പിലെ ക്രിസ്ത്യന്‍ രാജാക്കന്മാരെ റോമില്‍ വിളിച്ചു വരുത്തി. മാര്‍പാപ്പായുടെ പ്രത്യേക ആഹ്വാനപ്രകാരം യൂറോപ്പിലെ രാജാക്കന്മാര്‍ തുര്‍ക്കികളോട് യുദ്ധത്തിനിറങ്ങി. അംഗബലം കൊണ്ടും യുദ്ധ തന്ത്രങ്ങള്‍ കൊണ്ടും തുര്‍ക്കികള്‍ ഏറെ ശക്തരാണെന്ന് മാര്‍പാപ്പായ്ക്ക് അറിയമായിരുന്നു. അവരെ യുദ്ധത്തില്‍ തോല്‍പ്പിക്കുക അത്ര എളുപ്പമായിരുന്നു. അപ്പോള്‍ മാര്‍പ്പാപ്പാ ഒരു കാര്യം ചെയ്തു. റോമിലെ ക്രിസ്ത്യാനികളെയെല്ലാം ഒരുമിച്ചു കൂട്ടി പാപ്പാ ഒരു ജപമാല റാലി നടത്തി.

അതിനെ തുടര്‍ന്ന് തുര്‍ക്കികളും ക്രിസ്ത്യന്‍ സൈന്യവും തമ്മില്‍പ്രശസ്തമായ ലെപ്പാന്റോ യുദ്ധം നടന്നു. യുദ്ധം നടക്കുന്ന സമയമെല്ലാം ക്രിസ്ത്യാനികള്‍ അണിനിരന്ന് ജപമാല ചൊല്ലിയതിന്റെ ഫലമായി ക്രിസ്ത്യന്‍ സൈന്യത്തേക്കാള്‍ സംഖ്യയില്‍ വളരെ ഏറെയുണ്ടായിരുന്ന തുര്‍ക്കികള്‍ക്കെതിരെ ക്രിസ്ത്യന്‍ രാജാക്കന്‍മാര്‍ വിജയിച്ചു.

ഈ അത്ഭുതകരമായ വിജയം പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം കൊണ്ടാണെന്നും ജപമാല ഭക്തിയുടെ ഫലമായിട്ടാണെന്നും മാര്‍പാപ്പായും ക്രിസ്തീയ വിശ്വാസികളും വിശ്വസിച്ചു. ഈ വിജയത്തിന്റെ ഓര്‍മയ്ക്കായി എല്ലാവര്‍ഷവും പരിശുദ്ധ മാതാവിന്റെ ബഹുമാനാര്‍ത്ഥം തിരുനാള്‍ ആഘോഷിക്കാന്‍ പാപ്പാ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഗ്രിഗറി പതിമൂന്നാമന്‍ പാപ്പാ ഒക്ടോബറിലെ ആദ്യ ഞായറാഴ്ച ജപമാല മാതാവിന്റെ തിരുനാളായി പ്രഖ്യാപിച്ചു.

Tags

Share this story

From Around the Web