ബഥാനിയായിലെ അഖണ്ഡ ജപമാലയ്ക്ക് സമാപനം

 
3333

പുല്ലൂരാംപാറ: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന് അനുഗ്രഹദായകമായ സമാപനം. ജൂലൈ 16-ന് ആരംഭിച്ച്, 101 ദിവസങ്ങള്‍ ഇടമുറിയാതെ നീണ്ടുനിന്ന അഖണ്ഡ ജപമാല സമര്‍പ്പണം ദൈവകൃപയുടെ ദിനരാത്രങ്ങളായിരുന്നു.

സമാപനദിനത്തിലെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലോകം മുഴുവന്‍ അസ്വസ്ഥത പുലരുമ്പോള്‍ ലോകസമാധാനത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

യുവജനങ്ങളുടെ വിശുദ്ധ ജീവിതത്തിലൂടെയാണ് തലമുറകള്‍ അനുഗ്രഹീതമാകുന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാ തലങ്ങളിലുമു ണ്ടാകണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ഓര്‍മ്മിപ്പിച്ചു.

ഫാ. കുര്യന്‍ ചെറുശേരില്‍, ഫാ. സെബാസ്റ്റ്യന്‍ പാട്ടശ്ശേരി, ഫാ. ജോസഫ് മലമ്പേല്‍, ഫാ. മാത്യു തുറവയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

101 ദിവസങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ബഥാനിയായുടെ പ്രധാന ശുശ്രൂഷയാണ്. കുടുംബ വിശുദ്ധീകരണവും ലോകസമാ ധാനവും പ്രത്യേക നിയോഗങ്ങളായി സ്വീകരിച്ചാണ് ഈ വര്‍ഷം അഖണ്ഡ ജപമാല സമര്‍പ്പിച്ചത്.

സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍മാര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. അജിത്ത് വെളിയത്ത്, ഫാ. അബ്രാഹം തറത്തട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web