ശബരിമല കട്ടിള പാളി കേസ് ; തന്ത്രി റിമാന്‍ഡില്‍
ശബരിമല: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണക്കട്ടിള മോഷണക്കേസില്‍ മുഖ്യ തന്ത്രി കണ്ഠര് രാജീവരെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഈ മാസം 23-ാം തീയതി വരെയാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ആചാരലംഘനത്തിന് ഒത്താശ ചെയ്തതിലും തന്ത്രിക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
കോടതിയില്‍ ഹാജരാക്കിയ തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13-ാം തീയതി കോടതി പരിഗണിക്കും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത്, ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്ക്കുശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ തന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അറസ്റ്റു റിപ്പോര്‍ട്ടില്‍ പുറത്തു വന്നത്.തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ് പ്രധാന ആക്ഷേപം.
ആചാര ലംഘനത്തിന് എതിരെ തന്ത്രി യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും കട്ടിളപ്പാളി കൊണ്ടു പോകാന്‍ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.