വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സഹായവും പ്രഖ്യാപിച്ച് ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ജീവനക്കാരായ കുടുംബങ്ങള്‍ക്ക് സഹായകരമായ നിരവധി ശുപാര്‍ശകള്‍ക്കു ലെയോ പതിനാലാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി.
കുടുംബങ്ങള്‍ക്കായി വിവിധ അലവന്‍സുകള്‍ അനുവദിക്കല്‍, പിതൃത്വ അവധിയില്‍ വര്‍ദ്ധനവ്, വികലാംഗരായ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കല്‍ തുടങ്ങീ നിരവധി സഹായ പദ്ധതികളാണ് ഇനി ലഭ്യമാക്കുക. പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടേറിയറ്റു ഇന്ന് ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിച്ച രേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശുദ്ധ സിംഹാസനത്തിലെയും വത്തിക്കാന്‍ ഗവര്‍ണറേറ്റിലെയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അതത് ജീവനക്കാരും ഉള്‍പ്പെടുന്ന സംഘടനയായ യുഎല്‍എസ്എ കൗണ്‍സില്‍ ഈ തീരുമാനങ്ങള്‍ നേരത്തെ ഏകകണ്ഠമായി സ്വാഗതം ചെയ്തിരിന്നു.
ഒരു കുട്ടിയുടെ ജനനത്തിനുശേഷം ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹത നല്‍കുന്ന രീതിയ്ക്കു ലെയോ പാപ്പ അംഗീകാരം നല്‍കി. ഗുരുതരമായ വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.
കുട്ടിയെ മുഴുവന്‍ സമയവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെങ്കില്‍ പോലും അവധി എടുക്കുന്നതിനും ജീവനക്കാര്‍ക്ക് അവസരമുണ്ട്.
ഗുരുതരമായ വൈകല്യമുള്ളവരോ അംഗവൈകല്യമുള്ളവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കും അതേ സാഹചര്യത്തിലുള്ള പെന്‍ഷന്‍കാര്‍ക്കും പ്രതിമാസ സബ്സിഡിയും സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുടുംബ അലവന്‍സ് ആനുപാതികമായി വര്‍ദ്ധിപ്പിക്കാനും ലെയോ പാപ്പ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.