ഗാസ അതിജീവിക്കണമെങ്കിൽ ‘അദ്ഭുതങ്ങൾ’ നടക്കണം: വത്തിക്കാൻ വാർത്താ ഏജൻസി
യുദ്ധക്കെടുതിയിൽ ഉലയുന്ന ഗാസയുടെ നിലവിലെ അവസ്ഥ അതീവ ദയനീയമാണെന്നും അവിടെ ഇനി ‘അദ്ഭുതങ്ങൾ’ മാത്രമാണ് പ്രതീക്ഷയെന്നും കത്തോലിക്കാ സന്നദ്ധ സംഘടനയായ സി. എൻ .ഇ. ഡബ്ല്യു. എ. (CNEWA). “ചെയ്യാനൊന്നുമില്ലാതെ, പോകാൻ ഒരിടവുമില്ലാതെ, വിദ്യാലയങ്ങളോ വാണിജ്യ പ്രവർത്തനങ്ങളോ ഇല്ലാതെ ഗാസ ഇന്ന് നിശ്ചലവും ഇരുളടഞ്ഞതുമായ ഒരിടമായി മാറിയിരിക്കുന്നു,” എന്ന് ‘കത്തോലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ’ (CNEWA) കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മൈക്കൽ ലാ സിവിറ്റ വ്യക്തമാക്കി.
ജൂൺ രണ്ടിന് ‘ഇ. ഡബ്ല്യു. ടി. എൻ. ന്യൂസ് നൈറ്റ്‌ലി’ പരിപാടിയിൽ സംസാരിക്കവെയാണ് ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ സഭാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഗാസ നിലവിൽ എങ്ങോട്ടെന്നില്ലാത്ത ഒരു “ശാശ്വതമായ കാത്തിരിപ്പിലാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ ആത്മീയവും മാനുഷികവുമായ പിന്തുണ നൽകുന്നതിനായി 1926-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് സി. എൻ. ഇ. ഡബ്ല്യു. എ. (CNEWA) സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകളുടെ ഒരു വലിയ ശൃംഖല തന്നെ ഈ സംഘടനയ്ക്കുണ്ട്.
പട്ടിണിയും പകർച്ചവ്യാധി ഭീഷണിയും
ഗാസയിൽ സംഘർഷം തുടരുമ്പോൾ, ഭവനരഹിതരായ ഭൂരിഭാഗം പേരുൾപ്പെടെ 20 ലക്ഷത്തിലധികം ആളുകളാണ് അഭയാർഥികളായി കഴിയുന്നത്. ഇവരുടെ വീടുകളെല്ലാം പൂർണ്ണമായും തകർക്കപ്പെട്ടിരിക്കുന്നു. കടുത്ത പോഷകാഹാരക്കുറവും ശുദ്ധജലക്ഷാമവും മൂലം കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവരുടെ ആരോഗ്യസ്ഥിതി അതീവ ആശങ്കാജനകമാണെന്നും ലാ സിവിറ്റ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയങ്ങളോ സുരക്ഷിതമായ അഭയകേന്ദ്രങ്ങളോ ഇല്ല. ആഹാരസാധനങ്ങൾ കിട്ടാനേയില്ലാത്ത അവസ്ഥയാണ്. ശുചിത്വമില്ലായ്മ, മലിനജലം, കൃത്യമായ വൈദ്യസഹായത്തിന്റെ കുറവ് എന്നിവ മൂലം ഹെപ്പറ്റൈറ്റിസ് എ ഉൾപ്പെടെയുള്ള മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.