കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്കും ഇരട്ടി മധുരം

പത്തനംതിട്ട: സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറി യപ്പെടുന്ന കാര്‍ലോ അക്യൂറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടിമധുരമായിരുന്നു മേക്കൊഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത്.
വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളിലൊന്നാണ് മെക്കൊഴൂരിലേത്.
അതുകൊണ്ടുതന്നെ ഇടവകാംഗങ്ങള്‍ക്ക് ഈ കൊച്ചുവിശുദ്ധനോട് പ്രത്യേകമായൊരു സ്‌നേഹവും ഭക്തിയുമുണ്ട്.
വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് മേക്കൊഴൂര്‍ ദേവാലയത്തിലും ആഘോഷങ്ങള്‍ നടന്നു.
പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.
2022 ഏപ്രിലില്‍ പുതുക്കിപ്പണിത മേക്കൊഴൂര്‍ ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചാണ് അന്നത്തെ വികാരി ഫാ. വര്‍ഗീസ് കാലായില്‍വടക്കേതില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂറ്റസിന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ സ്ഥാപിച്ചത്.
വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ചിത്രം അള്‍ത്താരയോടു ചേര്‍ന്നുള്ള തൂണില്‍ വരയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ അനുവാദത്തോടെ ഫാ. മാത്യു താണ്ടിയാംകുടിയിലിന്റെ ഇടപെടലിലൂടെ വത്തിക്കാനില്‍നിന്നും തിരുശേഷിപ്പ് ദേവാലയത്തില്‍ എത്തിക്കുകയായിരുന്നു.
വിശുദ്ധന്റെ തലമുടിയുടെ അംശമാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് ഇടവകവികാരി ഫാ. ഡേവിഡ് പേഴുമ്മൂട്ടില്‍,സെക്രട്ടറി സുജ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.