സീറോ ടിക്കറ്റ്' തട്ടിപ്പ്: കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി
കണ്ണൂർ: 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള 'സീറോ ടിക്കറ്റ്' നൽകുന്ന കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ മുന്നറിയിപ്പ് നൽകി നൽകി.
ഇത്തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായും തെറ്റ് ചെയ്യുന്നവർക്കെതിരെ യൂണിയൻ ഭേദമന്യേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തുടക്കത്തിൽ ചില കണ്ടക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഇനി മനഃപൂർവം ഇത്തരത്തിൽ സീറോ ടിക്കറ്റ് നൽകുന്നതായി കണ്ടാൽ സസ്‌പെൻഷനോ പിരിച്ചുവിടലോ നേരിടേണ്ടിവരുമെന്ന് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. പുരുഷന്മാരിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കിയ ശേഷം സീറോ ടിക്കറ്റ് നൽകുന്നത് ഗൗരവമുള്ള കുറ്റകൃത്യമാണ്.
ഇത്തരക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും പദ്ധതി നടത്തിപ്പിനുള്ള തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.