ഹരിദ്വാറില്‍ ഭിക്ഷാടകരായി യൂട്യൂബര്‍മാര്‍. എട്ട് മണിക്കൂറിനുള്ളില്‍ കിട്ടിയത് 4,000 രൂപ, വൈറലായി വീഡിയോ. യൂട്യൂബര്‍ പുരുഷോത്തം വസിഷ്ഠും സുഹൃത്ത് സചിനും ചേര്‍ന്നാണ് ഭിക്ഷാടനം നടത്തിയത്
ഹരിദ്വാര്‍: ഹരിദ്വാറിലെ കാവഡ് മേളയില്‍ ഭിക്ഷാടനം നടത്തിയാല്‍ ഒരാള്‍ക്ക് എത്ര രൂപ വരെ സമ്പാദിക്കാമെന്ന് കണ്ടെത്താനായി യൂട്യൂബര്‍മാര്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
യൂട്യൂബര്‍ പുരുഷോത്തം വസിഷ്ഠും അദ്ദേഹത്തിന്റെ സുഹൃത്ത് സചിനും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. ഇരുവരും ഭിക്ഷാടകന്റെ വേഷം ധരിച്ച് എട്ട് മണിക്കൂറോളമാണ് താര്‍ഥാടകരില്‍ നിന്നും പണം ചോദിച്ചത്. അവസാനം ഏകദേശം 4,000 രൂപയോളം ലഭിച്ചതായി പുറത്തുവിട്ട വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
കീറിയ വസ്ത്രം ധരിച്ച് ചെറിയ പാത്രവുമായായിരുന്നു ഇരുവരും ഭക്തരെ സമീപിച്ചത്. പണം കൈവശം ഇല്ലാത്തവര്‍ക്ക് ഡിജിറ്റലായി പണം നല്‍കാന്‍ വേണ്ടി യുപിഐ ക്യുആര്‍ കോഡും കഴുത്തില്‍ തൂക്കിയിരുന്നു.
ഭിക്ഷയെടുത്ത ആദ്യ സമയങ്ങളില്‍ 1,000 മുതല്‍ 2,000 രൂപ വരെ മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും എന്നാല്‍, ഏതാനും മണിക്കൂറുക്ക് ശേഷം പണം കൂടുതല്‍ കിട്ടാന്‍ തുടങ്ങുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. അതേസമയം, ചിലരില്‍ നിന്നും മോഷം അനുഭവം ഉണ്ടായതായും നാല് മണിക്കൂറിനുള്ളില്‍ 800 രൂപ ലഭിച്ചതായും പറയുന്നു.
ദിവസവും ഇതേ വരുമാനം ലഭിക്കുകയാണെങ്കില്‍ മാസത്തില്‍ ഏകദേശം 1.2 ലക്ഷം രൂപ വരെ ഉണ്ടാക്കാമെന്നും ഇനി ദിവസം 12-13 മണിക്കൂര്‍ വരെ ഭിക്ഷാടനം നടത്തി 8,000 മുതല്‍ 10,000 രൂപ വരെ നേടാന്‍ കഴിഞ്ഞാല്‍ പ്രതിമാസം 2.4 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഭിക്ഷാടനം ഒരു പ്രധാന ഉപജീവന മാര്‍ഗമായി മാറുകയാണോ എന്നതിനെച്ചൊല്ലിയും ചര്‍ച്ചകള്‍ ഉടലെടുത്തു.
ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ആരും ഇത്തരം കാര്യങ്ങളിലേക്ക് തിരിയരുതെന്നും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും മാത്രമേ പണം സമ്പാദിക്കാവൂയെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.