സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെതിരെ കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഹാദിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് രണ്ടുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഹാജരായിരുന്നില്ല.
ഒളിവില്‍ പോയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.