യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ പരിശോധന; കണ്ടെത്തിയത് എയര്‍ ഗണ്ണും പെല്ലറ്റും
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഥാര്‍ ജീപ്പില്‍ നിന്ന് എയര്‍ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി.
വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 28 ന് വൈകിട്ട് ഏഴോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്.
അശ്വന്ത് ഓടിച്ച ഥാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയും തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ പോയെന്നാണ് പരാതി.മനുഷ്യജീവന് അപകടമുണ്ടാകുന്ന രീതിയില്‍ വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.