മോണിറ്റൈസേഷന്‍ പോളിസിയിൽ മാറ്റം വരുത്തി യുട്യൂബ്

ന്യൂയോർക്ക്: കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്.
ഈ അടുത്ത് 16 വയസ്സിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ്ങ് ചെയ്യണമെങ്കിൽ മുതിർന്നവർ ആ ലൈവ്സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന പുതിയ നയം യൂട്യൂബ് പുറത്തിറക്കിയിരുന്നു.
ജൂലൈ 22 മുതലാണ് ഈ നയം വരുന്നത്. ഇതിന് പിന്നാലെ വീണ്ടും പോളിസികളിൽ മാറ്റം വരുത്തിയിരിക്കുകയാണ് യുട്യൂബ്.
ഇത്തവണ മാറ്റം മോണിറ്റൈസേഷന്‍ പോളിസിയിലാണ്. ഇനി പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ഒറിജിനല്‍ ശബ്ദം ഉള്‍പ്പെടെ മോണിറ്റൈസേഷന് മാനദണ്ഡമാകും.
ഒരേ വിഡിയോ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെ തടയുക എന്നതാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഇതോടെ യൂട്യൂബില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടിവരും. ജൂലൈ 15 മുതലാണ് പുതിയ പോളിസി നിലവില്‍ വരുന്നത്.
യൂട്യൂബ് മോണിറ്റൈസേഷൻ അംഗീകരിക്കാൻ വേണ്ടി ഒരു ചാനലിന് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബർമാരെങ്കിലും ആവശ്യമാണ്.
മാത്രവുമല്ല തൊട്ടുമുന്‍പുള്ള വർഷം 4000 മണിക്കൂറെങ്കിലും ആളുകൾ ആ ചാനലിലെ വീഡിയോകൾ കണ്ടിരിക്കണം. ഇതും അല്ലെങ്കിൽ 10 മില്ല്യൺ പബ്ലിക്ക് ഷോർട്ട് വ്യൂ എങ്കിലും വേണമെന്നാണ് നിബന്ധന.
പുതിയ നയത്തില്‍ ഏറെ അവ്യക്തതകള്‍ ഉണ്ടെന്നാണ് ക്രിയേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറിജിനല്‍ ഉള്ളടക്കം എന്നതില്‍ യൂട്യൂബ് വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ല. എഐ അധിഷ്ഠിത വിഡിയോകളെയാണോ പുതിയ മാറ്റത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും വ്യക്തമല്ല.