യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനം. 140-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി പത്തു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് യുവജന ജൂബിലി ആഘോഷത്തിന് സമാപനമായത്.
ഇന്നലെ ഞായറാഴ്ച 'തോര്‍ വെര്‍ഗത്തയില്‍' അര്‍പ്പിച്ച ദിവ്യബലിയില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികനായിരിന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള യുവതീയുവാക്കള്‍ പങ്കെടുത്തു.
യേശുവുമായുള്ള കൂടിക്കാഴ്ചയുടെയും അവിടന്നിലര്‍പ്പിതമായ പ്രത്യാശയുടെയും അനുഭവത്തില്‍ ജീവിക്കുന്നതിന്റെ സാക്ഷ്യം പങ്കുവയ്ക്കാനുമായി ജൂലൈ 28 മുതലാണ് യുവജന സംഗമത്തിനായി റോമില്‍ യുവജനങ്ങള്‍ സമ്മേളിച്ചത്.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ കടക്കല്‍, റോമിലെ ചിര്‍ക്കോ മാസ്സിമൊ മൈതാനിയില്‍ തയ്യാറാക്കിയ താല്ക്കാലിക കുമ്പസാരക്കൂടാരങ്ങളില്‍ പാപസങ്കീര്‍ത്തന കൂദാശാസ്വീകരണം, ശനിയാഴ്ച റോമിന്റെ പ്രാന്തത്തിലുള്ള തോര്‍ വെര്‍ഗാത്തയില്‍ പാപ്പയുമൊത്തുള്ള ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷ ഉള്‍പ്പടെയുള്ള സപ്തദിന ജൂബിലിയാചരണ പരിപാടികളില്‍ യുവതീയുവാക്കള്‍ പങ്കുചേര്‍ന്നു.