സഭയിലും കുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുവാന്‍ പാരീസില്‍ യുവജനസംഗമം
പാരീസ്: യുവ കത്തോലിക്കരും വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള ആയിരങ്ങളും പങ്കെടുത്ത 48-ാമത് യൂറോപ്യൻ മീറ്റിംഗിന് ഇന്നു സമാപനമാകും.
ഡിസംബർ 28 മുതൽ നടന്നു വരുന്ന സമ്മേളനത്തിന് ഇന്നു 2026 ജനുവരി 1നു സമാപനം കുറിക്കും.
18-35 വയസ്സ് പ്രായമുള്ള 15,000 യുവജനങ്ങളില്‍ യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നുള്ള ആയിരത്തോളം യുക്രേനിയന്‍ യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്.
“സഭയിലും മനുഷ്യകുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുക” എന്ന ദൗത്യത്തോടെ 1940-ൽ സ്ഥാപിതമായ ടൈസ് എക്യുമെനിക്കൽ കമ്മ്യൂണിറ്റിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
പാരീസിലെ വലിയ പള്ളികളില്‍ സമൂഹ പ്രാർത്ഥന, വിവിധ പ്രാദേശിക കൂട്ടായ്മകള്‍, വിശ്വാസ സാക്ഷ്യങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയാണ് പരിപാടിയിൽ നടന്നുവരുന്നത്. ആയിരകണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന അക്കോർ അരീനയില്‍ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനകൾ നടന്നു.
പാരീസിലെയും ഇൽ-ഡി-ഫ്രാൻസ് മേഖലയിലെയും നിരവധി കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സ്ഥലമൊരുക്കിയത്.
വിവിധ ഇടവകകൾ, സ്കൂളുകൾ, കായിക കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിലും സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
പരിപാടിയിലൂടെ തങ്ങളുടെ അസ്തിത്വത്തിന്റെ ആഴങ്ങളില്‍ ക്രിസ്തുവിനെ ശ്രവിക്കാനുള്ള ഒരു ഇടം നല്‍കുകയാണെന്ന് ടൈസ് കൂട്ടായ്മ വ്യക്തമാക്കി
. "ക്രിസ്തുവിനൊപ്പമുള്ള യാത്രയില്‍ മുന്നോട്ട് പോകാൻ" യുവജനങ്ങളെ സഹായിക്കുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാൻസിലെ ബർഗണ്ടി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട സാനെ-എറ്റ്-ലോയിറിലെ ടൈസയിലെ എക്യുമെനിക്കൽ ക്രിസ്ത്യൻ സമൂഹമാണ് ടൈസ് കമ്മ്യൂണിറ്റി.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് സംഘടനയിലുള്ളത്.