ഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ച സംഭവം, ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള മറ്റു ഷാപ്പുകളില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ഏഴ് ഷാപ്പുകള്‍ പൂട്ടി സീല്‍ ചെയ്തു

 
shap

കോട്ടയം: ഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച  'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായി ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റു കോട്ടയത്തെ ഷാപ്പുകളിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന.

ഏഴ് ഷാപ്പുകൾ പൂട്ടി സീൽ ചെയ്തു. ലൈസൻസും താത്കാലികമായി സസ്‌പെൻഡ് ചെയ്തു. 

എറ്റുമാനൂർ റേഞ്ചിലെ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി.എസ് 56ാം നമ്പർ പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (41) മരിക്കുകയും ചെയ്തിരുന്നു.തുടർന്നാണ് ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഷാപ്പുകളിലേക്കും നടപടി സ്വീകരിച്ചത്. ഏഴ് ഷാപ്പുകളിൽ നിന്നായി കള്ളിന്റെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 

പരിശോധനാ ഫലവും അന്വേഷണവും പൂർത്തിയാകുന്നതുവരെ ഷാപ്പുകൾ തുറക്കാൻ അനുമതി നൽകില്ല. കാരണം കാണിക്കാൻ പത്ത് ദിവസത്തെ സമയം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.

ഒളിവിൽ കഴിയുന്ന കേസിലെ പ്രതികൾക്കായി പോലീസും തെരച്ചിൽ ശക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ പരിശോധന നടത്തി.

ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, തൊള്ളായിരംചിറ ഷാപ്പ് മാനേജർ, പാചകക്കാരൻ എന്നിവരെ പ്രതിചേർത്ത് കോട്ടയം വെസ്റ്റ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നരഹത്യ കുറ്റം ചുമത്തിയാണ് കേസ്.

അതെസമയം, ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷൻ ശുദ്ധി' പദ്ധതിയ്ക്ക്  എക്‌സൈസ് വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. 

ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിർമ്മാണം തടയുന്നതിനുമായി എക്‌സൈസ് വകുപ്പ് വിപുലമായ കർമ്മപദ്ധതിയാണ് സംസ്ഥാനവ്യാപകമായി ആവിഷ്‌കരിച്ചിരിക്കുന്നത്. 

പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ ജില്ലകളിലെ കള്ള് ഷാപ്പുകളിലും പരിശോധനകൾ ഇതിനകം തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. 'ജാഗ്രതയോടെ എക്‌സൈസ്' എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് വകുപ്പ് ഈ പ്രത്യേക ദൗത്യവുമായി മുന്നോട്ട് പോകുന്നത്.

കെമിക്കലുകളോ മറ്റ് രാസവസ്തുക്കളോ ചേർത്ത വ്യാജ കള്ള് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും ഉടനടി കേസുകൾ രജിസ്റ്റർ ചെയ്യും. 

ഓപ്പറേഷൻ ശുദ്ധിയിലൂടെ ഇവയെല്ലാം കൃത്യമായി നടപ്പിലാക്കും. വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

Tags

Share this story

From Around the Web