മരം മുറിക്കുന്ന യന്ത്രവുമായി ക്ലാസ് മുറിയില്‍ യുവാവിന്റെ ആക്രമണം; രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
അനന്തപൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന്റെയും വിരോധത്തില്‍ ആന്ധ്രാപ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ ആക്രമണം. അനന്തപൂര്‍ ജില്ലയിലെ റപ്താഡു ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് അധ്യയനം പുരോഗമിക്കുന്നതിനിടെയാണ് 21 വയസ്സുള്ള യുവാവ് മരം മുറിക്കുന്ന യന്ത്രവുമായി (ചെയിന്‍സോ) ക്ലാസ് മുറിയില്‍ പ്രവേശിച്ച് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ ശ്രീ സത്യസായി ജില്ലയിലെ ധര്‍മ്മവാരം മണ്ഡലത്തിലെ നാഗലൂര്‍ സ്വദേശിയായ ഹേമന്ത് (ദുമ്മു) എന്ന യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച (നവംബര്‍ 1) രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ യന്ത്രത്തിന്റെ ശബ്ദം കേട്ടപ്പോള്‍ പുറത്തുനിന്നുള്ള തൊഴിലാളികളാണെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും കരുതിയത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച യന്ത്രവുമായി ക്ലാസിന് നടുവിലേക്ക് എത്തിയ പ്രതി, ഒരു പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും പരിക്കേറ്റു.
ആക്രമണം നടത്തിയ ഹേമന്ത് ഇരയായ പെണ്‍കുട്ടിയുടെ അമ്മാവനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയും മുന്‍പ് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് നിരസിച്ചതും തുടര്‍ന്ന് ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാരംഭ പോലീസ് നിഗമനം. ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി 12 മുതല്‍ 15 വരെ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്.
പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അനന്തപൂരിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കി വരുന്നു.
സംഭവസമയം അധ്യാപകരില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നു. ദുരന്തത്തിന് ഇരയായ കുട്ടികളുടെയും സഹപാഠികളുടെയും മാനസിക ആഘാതം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി നര ലോകേഷിന്റെ നിര്‍ദ്ദേശപ്രകാരം 20 മാനസികാരോഗ്യ കൗണ്‍സിലര്‍മാരടങ്ങുന്ന സംഘത്തെ സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലും വിന്യസിച്ചിട്ടുണ്ട്.