നെടുമ്പാശ്ശേരിയില്‍ രണ്ടരക്കിലോ ചരസുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് അഞ്ചുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന്
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ചുകോടി രൂപയോളം വിലമതിക്കുന്ന ചരസുമായി യുവാവ് അറസ്റ്റിലായി. കാസര്‍കോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീന് (25) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടരക്കിലോ ചരസ് പോലീസ് പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നിന്നാണ് ചരസ് വാങ്ങിയതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.
അവിടെനിന്ന് വിമാനമാര്‍ഗ്ഗം മംഗലാപുരത്ത് എത്തിയ ശേഷം ട്രെയിനില്‍ തൃശ്ശൂരിലേക്ക് യാത്ര ചെയ്തു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്ന് ടാക്സിയില്‍ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടല്‍ മുറിയെടുക്കുകയായിരുന്നു. കൊച്ചി സിറ്റിയിലേക്ക് മയക്കുമരുന്ന് എത്തിക്കാനായിരുന്നു പദ്ധതി. ചെറിയ പായ്ക്കറ്റുകളാക്കി മാറ്റിയ നിലയിലായിരുന്നു ചരസ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവിന്റെ തളിരിലകൊണ്ട് നിര്‍മ്മിച്ച വീര്യമേറിയ ചരസാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതി ഇതിനുമുന്‍പും മയക്കുമരുന്ന് കടത്തലില് ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.