നിങ്ങളുടെ മകന്‍ ജീവനോടെയുണ്ട്; സംസ്‌കാരം നടത്തി രണ്ടാഴ്ചക്ക് ശേഷം കുടുംബത്തിന് ഒരു ഫോണ്‍ കാള്‍. കുടുംബം സംസ്‌കരിച്ച മൃതദേഹം ആരുടേത്, അന്വേഷണം
ചണ്ഡീഗഡ്: പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ രവികുമാറിനെ ആഗസ്റ്റ് അഞ്ചിനാണ് കാണാതാകുന്നത്. കുടുംബം പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചില്ല. ഒടുവില്‍ കത്തിക്കരിഞ്ഞ നിലയില്‍ വഴിയോരത്ത് കണ്ടെത്തിയ മൃതദേഹം രവികുമാറിന്റേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞു. ആഗസ്റ്റ് 13ന് സംസ്‌കാരവും നടത്തി. കൃത്യം രണ്ടാഴ്ചക്ക് ശേഷം കുടുംബത്തിന് ഒരു ഫോണ്‍ കാള്‍ ലഭിച്ചു, 'നിങ്ങളുടെ മകന്‍ ജീവനോടെയുണ്ട്'.
മരിച്ചെന്നു കരുതിയ രവികുമാര്‍ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം. കപൂര്‍ത്തല സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഫോണ്‍ കാള്‍ വന്നത്. ഒരു കേസില്‍ പെട്ട് രവികുമാര്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിവരം.
നേരത്തെ, കാണാതായ രവികുമാറിനെ തേടിയുള്ള തിരച്ചിലിനിടെ പൊലീസാണ് കാഞ്ച്ലി റോഡിന് സമീപം അജ്ഞാതനായ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി കുടുംബത്തെ അറിയിച്ചത്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്ന മൃതദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം രവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആഗസ്റ്റ് 13ന് മൃതദേഹം സംസ്‌കരിക്കുകയും ആഗസ്റ്റ് 15ന് മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ സെപ്റ്റംബര്‍ രണ്ടിന് കപൂര്‍ത്തല സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഫോണ്‍കോളാണ് സംഭവത്തിന്റെ ഗതി മാറ്റിയത്. രവി കുമാര്‍ എന്നയാള്‍ ജയിലില്‍ കഴിയുന്നുണ്ടെന്നായിരുന്നു അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. സംശയം തോന്നിയ കുടുംബാംഗങ്ങള്‍ അടുത്ത ദിവസം ജയിലിലെത്തി രവിയെ നേരില്‍ കണ്ടതോടെ മകന്റെ മൃതദേഹമല്ല സംസ്‌കാരിച്ചതെന്ന് രക്ഷിതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതുമായി ബന്ധപ്പെട്ടാണ് രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. അതേസമയം, കുടുംബം സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്നതാണ് ഇപ്പോഴത്തെ ചോദ്യം. മൃതദേഹം തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.