"യുവജനങ്ങളെ, യേശുവിന്റെ സ്നേഹത്തിനു നമുക്ക് സാക്ഷ്യം വഹിക്കാം": പാപ്പാ
ഊർജ്ജസ്വലവും, യുവത്വം തുളുമ്പുന്നതുമാണ് ഇക്വറ്റോറിയൽ ഗിനിയ എന്നതിനു സാക്ഷ്യം പകരുന്നതാണ് സ്റ്റേഡിയത്തിൽ കാണുന്ന അനേകായിരം യുവജനങ്ങൾ എന്ന കാര്യം എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്. ചരിത്രവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ് ഇക്വറ്റോറിയൽ ഗിനിയയെന്നും, സേവനം, ഐക്യം, ആതിഥ്യമര്യാദ, വിശ്വാസം, ആഘോഷം തുടങ്ങിയ പുരാതനവും ശ്രേഷ്ഠവുമായ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ജനതയാണ് ഇവിടെ ഉള്ളതെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ മാനവകുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിലും, ദൈവത്തിന്റെ മക്കളെന്ന നിലയിലും, രാജ്യത്തെ എല്ലാ ആളുകളുടെയും അന്തസ്സിനെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാൻ, പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആഹ്വാനം ചെയ്തു.
തുടർന്ന് സാക്ഷ്യങ്ങൾ പങ്കുവച്ച യുവജനങ്ങളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ പാപ്പാ സംസാരിച്ചു. ഒരാളുടെ കടമകളോട് വിശ്വസ്തത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജോലികളിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി സംഭാവന ചെയ്യേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അലീഷ്യയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ട്, ക്രിസ്ത്യാനിയായിരിക്കുക എന്നതിനർത്ഥം വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ പങ്കെടുക്കുക മാത്രമല്ല, മാന്യതയോടെ പ്രവർത്തിക്കുകയും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുക എന്നതുമാണെന്നും പാപ്പാ പറഞ്ഞു.
ദൈവവിളിയുടെ പ്രാധാന്യവും പാപ്പാ എടുത്തു പറഞ്ഞു. ദൈവത്തിന് നൽകിയ ജീവിതം സന്തോഷത്തിന്റെ ഒന്നാണെങ്കിലും, പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും, സഹോദരങ്ങൾക്കൊപ്പമുള്ള ജീവിതത്തിലൂടെയും അത് ഓരോ ദിവസവും നവമാക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു. അതിനാൽ ക്രിസ്തുവിന്റെ വിളിയോട് പ്രത്യുത്തരിക്കുവാൻ ആരും ഭയപ്പെടരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു.
അതേസമയം ക്രിസ്തീയ വിവാഹത്തിന്റെ പ്രാധാന്യവും പാപ്പാ അനുസ്മരിച്ചു. ജീവിതപങ്കാളികളും മാതാപിതാക്കളും ആകുന്നത് ഒരു ദൗത്യവും, ദിവസേന ജീവിക്കേണ്ടുന്ന ഒരു ഉടമ്പടിയും ആണെന്ന് പറഞ്ഞ പാപ്പാ, സ്വാതന്ത്ര്യത്തിൽ വളരുന്ന യഥാർത്ഥ സ്നേഹത്തിന്റെ യാത്രയായി ഈ വിളിയെ സ്വീകരിക്കാൻ തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.
കുടുംബത്തിന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുകയും ജീവിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യാമെന്നും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സ്നേഹത്തിന്റെ സാക്ഷികളായി തീരുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ക്രൂശിക്കപ്പെടുകയും, ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തു പ്രത്യാശ നിറഞ്ഞ ഒരു ഭാവിയിലേക്ക് നമ്മെയെല്ലാം നയിക്കുന്നതിന് കൂട്ടായ്മയിൽ മുൻപോട്ടു സഞ്ചരിക്കുവാനും പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു.