ജെന്‍സിയും വിശ്വാസത്തിലേക്ക്: സ്‌കോട്ട്ലന്‍ഡിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
യൂറോപ്പില്‍ പൊതുവെ മതേതരത്വം ശക്തമാകുന്ന സാഹചര്യത്തിനിടയിലും സ്‌കോട്ട്ലന്‍ഡില്‍ കത്തോലിക്കാ സഭയിലേക്ക് ആകൃഷ്ടരായി 'ജെന്‍ സി' (Gen Z 1990കളുടെ അവസാനത്തിലും 2010-കളുടെ ആരംഭത്തിലും ജനിച്ചവര്‍) തലമുറയിലെ യുവാക്കള്‍ വന്‍തോതില്‍ കടന്നുവരുന്നു. മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ പ്രകടമായ ആത്മീയ ഉണര്‍വിന് സമാനമായ തരംഗമാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സഭയിലും ദൃശ്യമാകുന്നത്.
യൂണിവേഴ്‌സിറ്റി ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചും ഇടവക കൂട്ടായ്മകളിലൂടെയും നിരവധി യുവതീയുവാക്കളാണ് കത്തോലിക്കാ സഭയില്‍ ചേരുന്നതിനായി പ്രൊട്ടസ്റ്റന്റ് പശ്ചാത്തലങ്ങളില്‍ നിന്നും മതരഹിത അന്തരീക്ഷത്തില്‍ നിന്നും മുന്നോട്ടുവരുന്നത്. സഭയുടെ പാരമ്പര്യത്തിലും ദിവ്യകാരുണ്യ ആരാധനയിലും ആരാധനാക്രമങ്ങളിലുമുള്ള കൃത്യതയാണ് യുവജനങ്ങളെ പ്രധാനമായും കത്തോലിക്കാ സഭയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ആധുനിക ഡിജിറ്റല്‍ ലോകത്തിലെ അസ്ഥിരതകള്‍ക്കിടയില്‍ വ്യക്തമായ സത്യവും ആത്മീയ അടിത്തറയും തേടിയാണ് പുതിയ തലമുറ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിയുന്നത് എന്നാണ് പുറത്തുവരുന്ന ഓരോ പഠനങ്ങളും വെളിപ്പെടുത്തുന്നത്.
എഡിന്‍ബറ, ഗ്ലാസ്‌ഗോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ കത്തീഡ്രലുകളിലും ഇടവകകളിലും വിശുദ്ധ കുര്‍ബാനയിലും സഭയിലെ മറ്റ് അനുഷ്ഠാനങ്ങളിലും യുവാക്കളുടെ പ്രാതിനിധ്യം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും അടുത്തകാലത്തായി ദൃശ്യമായ പ്രൊ-ലൈഫ്, യുവജന ആത്മീയ ഉണര്‍വുകള്‍ക്ക് സമാനമായി സ്‌കോട്ട്ലന്‍ഡിലും കത്തോലിക്കാ സഭയുടെ ഭാവി പ്രതീക്ഷ നല്‍കുന്നതാണെന്ന് സഭാ നേതൃത്വവും നിരീക്ഷകരും വിലയിരുത്തുന്നു.