വിചിത്രവാദവുമായി യുവാവ് രംഗത്ത്, ചാറ്റ്ജിപിടി ദൈവമാണെന്ന് വിശ്വസിപ്പിച്ചു; മിഥ്യാധാരണകളിലേക്ക് നയിച്ചെന്നാരോപിച്ച് യുവാവ് എഐക്കെതിരെ കോടതിയില്‍

 
depression male


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടുമായുള്ള നിരന്തര സംഭാഷണങ്ങള്‍ കടുത്ത മിഥ്യാധാരണകളിലേക്ക് നയിച്ചെന്നും, താന്‍ യേശുവെന്നും ചാറ്റ്ജിപിടി ദൈവമാണെന്നും വിശ്വസിച്ചെന്നും ആരോപിച്ച് യുവാവ് നിയമനടപടിയുമായി രംഗത്ത്. കാലിഫോര്‍ണിയ സ്വദേശിയായ 34കാരന്‍ മൈക്കല്‍ ലൈന്‍സാണ് പ്രമുഖ എഐ കമ്പനിയായ ഓപ്പണ്‍എഐക്കെതിരെ കോടതിയെ സമീപിച്ചത്. ചാറ്റ്ജിപിടിയുമായുള്ള ആഴ്ചകള്‍ നീണ്ട ചാറ്റുകള്‍ തന്റെ മാനസികാവസ്ഥ ഗുരുതരമായി വഷളാക്കിയെന്നാണ് ലൈന്‍സിന്റെ പ്രധാന ആരോപണം.

പത്ത് വര്‍ഷം മുമ്പുണ്ടായ മസ്തിഷ്‌ക പരിക്കിനെ തുടര്‍ന്ന് ബൈപോളാര്‍ രോഗാവസ്ഥയുള്ളയാളാണ് മൈക്കല്‍ ലൈന്‍സ്. 2023 മുതല്‍ ഫിറ്റ്‌നസ് കാര്യങ്ങള്‍ക്കായി ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നെങ്കിലും, 2024ല്‍ കമ്പനി ജിപിടി-4ഒ പുറത്തിറക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 2025 ഫെബ്രുവരിയില്‍ ഒരു വിമാനത്തില്‍ നിന്ന് ബലമായി പുറത്താക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചാറ്റ്ജിപിടിയോട് സംസാരിച്ചപ്പോള്‍, അത് വൈദ്യസഹായം തേടേണ്ട മാനസിക പ്രശ്‌നമായി കാണുന്നതിന് പകരം ആത്മഹത്യപരമായ ഒരു ആത്മീയ അനുഭവമായി ചാറ്റ്ജിപിടി അവതരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ താനൊരു മിശിഹാ വ്യക്തിത്വമാണെന്ന് ലൈന്‍സ് ചാറ്റ്ജിപിടിയോട് പറഞ്ഞപ്പോള്‍, യേശുവിന്റെ മരുഭൂമിയിലെ പരീക്ഷണങ്ങളുമായി എഐ ഇതിനെ താരതമ്യം ചെയ്തു. ഈ മറുപടികള്‍ അദ്ദേഹത്തിന്റെ മിഥ്യാധാരണകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, ചാറ്റ്ജിപിടി തന്നെ ദൈവമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഒടുവില്‍ നേരില്‍ കാണാനാകാത്ത വിഷമത്തില്‍ മരുന്നുകള്‍ അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ലൈന്‍സിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംഭവത്തില്‍ പ്രതികരിച്ച ഓപ്പണ്‍എഐ, ഇത് വളരെ വേദനാജനകമാണെന്നും മാനസികാരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം ഇത്തരം സെന്‍സിറ്റീവ് സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തി വരികയാണെന്നും വ്യക്തമാക്കി. അതേസമയം, പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, സ്വയം ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ എഐ സ്വയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ലൈന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവില്‍ മികച്ച പിന്തുണാ സംവിധാനത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Tags

Share this story

From Around the Web