അതീവ ജാഗ്രത വേണം... യാത്രകള്‍ അടിയന്തരമായി പുനഃപരിശോധിക്കാന്‍ പൗരന്മാരോട് നിര്‍ദ്ദേശം

 
passport


പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് കര്‍ശന സുരക്ഷാ മുന്നറിയിപ്പുമായി കുവൈത്തിലെ അമേരിക്കന്‍ എംബസി. 

മേഖലയിലേക്കോ അത് വഴിയോ ഉള്ള യാത്രകള്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് എംബസിയുടെ പ്രധാന നിര്‍ദ്ദേശം. സുരക്ഷാ സാഹചര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമാണെന്നും ഏത് നിമിഷവും സ്ഥിതിഗതികള്‍ വഷളാകാമെന്നും കോണ്‍സുലാര്‍ അഫയേഴ്സ് വിഭാഗം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രാദേശിക മാധ്യമമായ 'അല്‍ ഖബസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങള്‍ അറിയാന്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍ നിരന്തരം നിരീക്ഷിക്കണമെന്നും എംബസി ആവശ്യപ്പെടുന്നു. 

മേഖലയിലൂടെ യാത്ര ചെയ്യുന്നവരും ട്രാന്‍സിറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നവരും വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, യാത്രയ്ക്ക് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.


അടിയന്തര സാഹചര്യങ്ങളില്‍ വളരെ പരിമിതമായ കോണ്‍സുലാര്‍ സഹായങ്ങള്‍ മാത്രമായിരിക്കും നിലവില്‍ ലഭ്യമാവുക. അടിയന്തര ആവശ്യങ്ങളുള്ളവര്‍ ഇമെയില്‍ വഴി കോണ്‍സുലാര്‍ വിഭാഗവുമായി ബന്ധപ്പെടണം. 

പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് എടുക്കാം. അര്‍ഹരായവര്‍ക്ക് ഡ്രോപ്പ്-ബോക്‌സ് സൗകര്യം വഴിയും പാസ്പോര്‍ട്ട് പുതുക്കാവുന്നതാണ്. 

എന്നാല്‍ വിസ പ്രൊസസിങ്, നോട്ടറി ജോലികള്‍ ഉള്‍പ്പെടെയുള്ള അടിയന്തരമല്ലാത്ത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സേവനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്കായി എംബസി വെബ്‌സൈറ്റ് നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. 

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ പൗരന്മാരുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. എംബസിയുടെ ഈ ജാഗ്രതാ നിര്‍ദ്ദേശം മേഖലയിലെ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് വെളിപ്പെടുത്തുന്നത്.

Tags

Share this story

From Around the Web