യുദ്ധക്കൊതി വെടിയണം. ക്രിസ്തീയ ഭരണാധികാരികള്‍ ആത്മപരിശോധന നടത്തണമെന്ന് ലിയോ പാപ്പ

 
LEO


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ക്രിസ്തീയ വിശ്വാസികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി ലിയോ പതിനാലാമന്‍ പാപ്പ. 

വൈദികര്‍ക്കായി നടത്തിയ പ്രസംഗത്തില്‍ സംസാരിക്കവെയാണ്, യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭരണാധികാരികള്‍ തങ്ങളുടെ പ്രവൃത്തികള്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് ഗൗരവമായി ചിന്തിക്കണമെന്ന്  പാപ്പ  ആഹ്വാനം ചെയ്തത്. 

സമാധാനത്തിന്റെ വക്താക്കളാകേണ്ടവര്‍ അധികാരമോഹത്തിനായി ആയുധമെടുക്കുന്നത് വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുദ്ധം തുടങ്ങിവെക്കുന്നതിലോ അതിനെ പ്രോത്സാഹിപ്പിക്കുന്നതിലോ പങ്കാളികളാകുന്ന ക്രിസ്തീയ നേതാക്കള്‍ കുമ്പസാരിക്കാനും മനഃസാക്ഷിയെ ശുദ്ധീകരിക്കാനും തയ്യാറാകണമെന്ന് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. 

രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കും അപ്പുറം മാനവികതയ്ക്കും സമാധാനത്തിനും മുന്‍ഗണന നല്‍കാനാണ് ക്രിസ്തു പഠിപ്പിച്ചത്. 

എന്നാല്‍ ഇന്നത്തെ ലോകസാഹചര്യത്തില്‍ പല നേതാക്കളും ആ പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് ഖേദകരമാണെന്നും, ഓരോ ഭരണാധികാരിയും താന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ക്രിസ്തുവിന്റെ വചനങ്ങള്‍ക്ക് അനുസൃതമാണോ എന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ ലോകത്തിലെ ഏതെങ്കിലും പ്രത്യേക യുദ്ധത്തെയോ സായുധ ഗ്രൂപ്പുകളെയോ നേതാവിനെയോ പേരെടുത്തു പരാമര്‍ശിക്കാന്‍ മാര്‍പാപ്പ തയ്യാറായില്ല. 

എങ്കിലും, സായുധ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികളായ ക്രിസ്ത്യാനികള്‍ക്ക് സ്വന്തം മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാനും കുമ്പസാരിക്കാനുമുള്ള എളിമയും ധീരതയും ഉണ്ടാകുമോ എന്ന അദ്ദേഹത്തിന്റെ ചോദ്യം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 

ശാരീരികമായ കരുത്തിനപ്പുറം ആത്മീയമായ കരുത്തും ധീരതയുമാണ് ഒരു യഥാര്‍ത്ഥ ഭരണാധികാരിക്ക് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അധികാരവും ആയുധങ്ങളും സമാധാനത്തെ തകര്‍ക്കാനുള്ള ഉപാധികളാക്കി മാറ്റുന്നവര്‍ക്ക് മാനസാന്തരത്തിനുള്ള സമയമാണിതെന്ന് മാര്‍പാപ്പ വ്യക്തമാക്കി. 

വൈദികര്‍ തങ്ങളുടെ ഇടവകകളിലും സമൂഹങ്ങളിലും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നും, ഭരണാധികാരികളെ ശരിയായ പാതയിലേക്ക് നയിക്കാന്‍ പ്രാര്‍ത്ഥനയോടെ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web