പാസ്പോർട്ട് ഉണ്ടെങ്കിൽ ഇന്ത്യൻ പൗരനാകണമെന്നില്ലെന്ന് കേന്ദ്ര സർക്കാർ; "സിറ്റിസൺ ഓഫ് ഇന്ത്യ" പരാമർശം ഒഴിവാക്കി; പൗരത്വ ചർച്ചകൾ ശക്തമാകുന്നു
ഡൽഹി: പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാർ ഇന്ത്യൻ പാസ്പോർട്ടുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്തിയിരുന്ന "സിറ്റിസൺ ഓഫ് ഇന്ത്യ" എന്ന എഴുത്ത് ഒഴിവാക്കിയത് ചർച്ചയാവുന്നു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെഷീൻ റീഡബിൾ പാസ്പോർട്ടുകൾ നടപ്പിലാക്കിയപ്പോഴാണ് ഇത് ഒഴിവാക്കിയതെന്നാണ് കേന്ദ്ര വിശദീകരണം. പകരം നാഷണാലിറ്റി എന്ന് രേഖപ്പെടുത്തുകയാണിപ്പോൾ. അന്താരാഷ്ട്ര ഫോർമാറ്റിന് അനുസൃതമായ പദപ്രയോഗ മാറ്റം മാത്രമാണിതെന്നും, പാസ്പോർട്ടിന്റെ നിയമപരമായ സ്വഭാവത്തിൽ ഇതിനാൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
പാസ്‌പോർട്ട് നിയമം 1967 പ്രകാരം ഒരു വ്യക്തിക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും തിരികെ വരാനുമുള്ള ഒരു യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട്. പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 20 പ്രകാരം, പൊതുതാൽപ്പര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് തമിഴ് അഭയാർത്ഥികൾ, അഭയാർത്ഥി പദവിയുള്ളവർ തുടങ്ങിയ ഇന്ത്യൻ പൗരനല്ലാത്ത വ്യക്തികൾക്കും പാസ്‌പോർട്ടോ യാത്രാ രേഖകളോ അനുവദിക്കാൻ നിയമപരമായ അധികാരമുണ്ട്. കോടതിയിലോ മറ്റ് നിയമപരമായ പ്ലാറ്റ്‌ഫോമുകളിലോ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ട് കൈവശമുള്ളതുകൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അന്തിമമായി തെളിയിക്കാൻ കഴിയില്ല.- ഇതാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ ഒറ്റ സാർവത്രിക രേഖ ലഭ്യമല്ല. ജനപ്രിയമായ പല രേഖകളും പൗരത്വത്തിനുള്ള തെളിവുകളല്ലെന്നാണ് വാസ്തവം. ആധാർ വ്യക്തിത്വവും വിലാസവും തെളിയിക്കാനുള്ള രേഖ മാത്രമാണ്. ആധാർ നിയമം അനുസരിച്ച് ഇത് പൗരത്വ രേഖയല്ല. വോട്ടർ ഐഡി വോട്ട് ചെയ്യാനുള്ള അവകാശത്തിനുള്ള രേഖയാണെങ്കിലും പൗരത്വം അന്തിമമായി തെളിയിക്കാൻ ഇത് പര്യാപ്തമല്ല. പൗരത്വം തെളിയിക്കാൻ പ്രധാനമായും വേണ്ടത് ജനന സർട്ടിഫിക്കറ്റാണ്. മാതാപിതാക്കളുടെ അല്ലെങ്കിൽ മുൻതലമുറക്കാരുടെ ജനന, പൗരത്വ രേഖകൾ ഇതിനായി ഉപയോഗിക്കാം.
ഇന്ത്യയിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം എല്ലാവർക്കും സ്വയം പൗരത്വം ലഭിക്കില്ല. താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളായാണ് പൗരത്വം നിർണ്ണയിക്കുന്നത്. 1950 ജനുവരി 26 - 1987 ജൂലൈ 1 കാലയളവിൽ ഇന്ത്യയിൽ ജനിച്ച ഏതൊരു വ്യക്തിക്കും (മാതാപിതാക്കളുടെ പൗരത്വം നോക്കാതെ) ഇന്ത്യയിൽ പൗരത്വത്തിന് അവകാശമുണ്ട്. 1987 ജൂലൈ 1 - 2004 ഡിസംബർ 3 കാലയളവിൽ ഇന്ത്യയിൽ ജനിച്ച ഒരു വ്യക്തിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ജനനസമയത്ത് ഇന്ത്യൻ പൗരനായിരിക്കണം. 2004 ഡിസംബർ 3-ന് ശേഷം ഇന്ത്യയിൽ ജനിക്കുന്ന കുട്ടിയുടെ രണ്ടു മാതാപിതാക്കളും ഇന്ത്യൻ പൗരന്മാരായിരിക്കണം, അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരൻ ആയിരിക്കാനും പാടില്ല.
പാസ്പോർട്ട് പൗരത്വ രേഖയല്ലാതിരിക്കുന്നതിന് കേന്ദ്രം മറ്റുചില കാരണങ്ങൾ കൂടി പറയുന്നുണ്ട്. പാസ്‌പോർട്ട് അപേക്ഷകർക്ക് നൽകുന്നത് ഒരു വ്യക്തി അപേക്ഷ നൽകുന്ന സമയത്ത് സ്വയം സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അപേക്ഷ നൽകിയ സമയത്ത് ഒരാൾ ഇന്ത്യൻ പൗരനായിരുന്നു എങ്കിലും, പിന്നീട് അത് തെറ്റായ രേഖകൾ നൽകിയാണ് നേടിയതെന്ന് കണ്ടെത്തുകയോ, അല്ലെങ്കിൽ അയാൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയോ ചെയ്താൽ പാസ്‌പോർട്ട് റദ്ദാക്കപ്പെടും. അതിനാൽ പാസ്‌പോർട്ട് എന്നത് ഒരു വ്യക്തിയുടെ പൗരത്വത്തിന് അന്തിമമായ തെളിവല്ല, മറിച്ച് താൽക്കാലികമായ സാക്ഷ്യപ്പെടുത്തൽ മാത്രമാണ്.
പൗരത്വ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഒരു ഇന്ത്യൻ പൗരൻ വിദേശ രാജ്യത്തിന്റെ പൗരത്വം നേടിയാൽ സ്വമേധയാ അയാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകും. എന്നാൽ, അയാൾ പഴയ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്താൽ പോലും അയാൾക്ക് നിയമപരമായി ഇന്ത്യൻ പൗരനായി തുടരാനാവില്ല. പാസ്‌പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ പ്രധാനമായും അപേക്ഷകന് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും നിലവിൽ നൽകിയ വിലാസം ശരിയാണോ എന്നും പരിശോധിക്കാനാണ്, പൗരത്വത്തിന്റെ ചരിത്രം തെളിയിക്കാനല്ല.
1967-ലെ പാസ്പോർട്ട് ആക്ട് പ്രകാരമാണ് രാജ്യത്ത് പാസ്പോർട്ടുകൾ അനുവദിക്കുന്നതും പുതുക്കുന്നതും. വോട്ടർ പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകളോ സമാനമായ ഭരണപരമായ നടപടികളോ നിലവിലുള്ള പാസ്പോർട്ട് ഉടമയുടെ പൗരത്വം ചോദ്യം ചെയ്യാനോ പാസ്പോർട്ട് നിഷേധിക്കാനോ ഉള്ള കാരണമാകില്ല. പാസ്പോർട്ട് അപേക്ഷകൾ പരിശോധിക്കാനോ പുതുക്കാനോ ആയി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയരുമ്പോഴെല്ലാം "പാസ്പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല" എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സാധാരണയായി സ്വീകരിക്കാറുള്ളത്.