ഫോണ്‍ ഉപയോഗിച്ച് ആധാര്‍ അപ്‌ഡേറ്റ് ചെയ്യാം; ആറ് മാസത്തേക്ക് സേവനം സൗജന്യം

 
aadhar

നിങ്ങളുടെ കൈയില്‍ സ്മാര്‍ട്ട് ഫോണുണ്ടോ എങ്കില്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി ഇനി ആധാര്‍ സെന്റര്‍ തപ്പി പോകേണ്ട ആവശ്യമില്ല. മാത്രവുമല്ല ആറു മാസത്തേക്ക് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ഫീസ് നല്‍കേണ്ട ആവശ്യവുമില്ല. 
ഔദ്യോഗിക ആധാര്‍ ആപ്പ് വഴിയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാകുക.

2026 ജൂലൈ ഒന്ന് മുതല്‍ ആറു മാസത്തേക്ക്, അതായത് 2026 ഡിസംബര്‍ വരെയാണ് സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുക. 

ആധാര്‍ ആപ്പ് വഴി നമ്മള്‍ക്ക് സ്വയം തന്നെ ഈ മെയില്‍ ഐഡി പുതുക്കാനും ചേര്‍ക്കാനും സാധിക്കും. 

ഈ സേവനത്തിന് ഈടാക്കിയിരുന്ന എഴുപത്തിയഞ്ച് രൂപ ഫീസ് ഈ കാലയളവില്‍ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.


ഐഓഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഔദ്യോഗിക ആധാര്‍ ആപ്പ് ലഭ്യവുമാണ്. ഈ മെയില്‍ വിലാസം ആധാറില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ഗൗരവമായി തന്നെ കാണണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 

ആധാറില്‍ ഈ മെയില്‍ ഐഡി അപ്‌ഡേറ്റാണെങ്കില്‍ നമ്മുടെ ആധാര്‍ വിവരങ്ങള്‍ ആരെങ്കിലും പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇമെയില്‍ വഴി തത്സമയം തന്നെ അക്കാര്യം അറിയാന്‍ സാധിക്കും. 

ഇതു വഴി ആധാര്‍ നമ്മുടെ അറിവില്ലാതെ ആരെങ്കിലും ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അതും നമ്മള്‍ക്ക് കൃത്യസമയത്ത് തന്നെ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും സുരക്ഷ വര്‍ധിപ്പിക്കാനും ഈ ഫീച്ചര്‍ സഹായിക്കുകയും ചെയ്യും.

പൊതുജനങ്ങളില്‍ നിന്ന് പുതിയ ഫീച്ചറിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍. ഫീച്ചര്‍ ലൈവായി രണ്ട് ദിവസത്തിനുള്ളില്‍ രണ്ടരലക്ഷത്തിലധികം ആളുകള്‍ ഈ-മെയില്‍ ഐഡി അപ്‌ഡേറ്റ് ചെയ്തതായും കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

ഈ മെയില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ. നിലിവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം. തുടര്‍ന്ന് ആപ്പിലെ ഈ മെയില്‍ അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഈ മെയില്‍ മാറ്റാന്‍ സാധിക്കുന്നതാണ്.

ഉപഭോക്താക്കള്‍ക്ക് ആധാറിലെ മൊബൈല്‍ നമ്പറും വിലാസവും മാറ്റാന്‍ സാധിക്കുന്ന സേവനവും ഇതിനകം തന്നെ ആപ്പില്‍ ലഭ്യമാണ്. നാലു കോടിയിലധികം ആളുകള്‍ മൊബൈല്‍ നമ്പറും പത്തുലക്ഷത്തിലധികം ആളുകള്‍ വിലാസവും ആപ്പ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Tags

Share this story

From Around the Web