ഇന്നലെ കാര്‍ളോ അക്യുട്ടിസിനെ ലെയോ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ലഭിച്ചതു അത്യഅപൂര്‍വ്വ ഭാഗ്യം

 
carlooo


വത്തിക്കാന്‍ സിറ്റി: തങ്ങളുടെ മകനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുക, ചേട്ടന്റെ വിശുദ്ധ പദവിയ്ക്കു വേണ്ടി ലോകം കാത്തിരിന്ന നിമിഷത്തിന് ഏറ്റവും മുന്നില്‍ നിന്ന് പങ്കെടുക്കുവാന്‍ സാധിക്കുക- ഇന്നലെ കാര്‍ളോ അക്യുട്ടിസിനെ ലെയോ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ലഭിച്ചതു അത്യഅപൂര്‍വ്വ ഭാഗ്യമായിരിന്നു. 


കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പിതാവ് ആന്‍ഡ്രിയ അക്യുട്ടിസ്, അമ്മ അന്റോണിയ സല്‍സാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരന്‍ മിഷേല്‍ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കിടെയുള്ള പ്രതിവചന സങ്കീര്‍ത്തനം ചൊല്ലുകയും കാഴ്ച സമര്‍പ്പണത്തില്‍ പങ്കെടുക്കുവാനും കുടുംബാംഗങ്ങള്‍ക്കു അവസരം ലഭിച്ചു. ദിവ്യബലിയ്ക്കിടെയുള്ള പഴയനിയമ വായന നടത്തിയത് കാര്‍ളോയുടെ ഇളയ സഹോദരനായ മിഷേലായിരുന്നു. 

വചനവായനയ്ക്കുശേഷം ലോകം കാത്തിരിന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം വന്നെത്തിയപ്പോള്‍ സകല കാമറ കണ്ണുകളും ബലിവേദിയോടു ചേര്‍ന്നുള്ള വിവിഐപി ഗാലറിയില്‍ ഉണ്ടായിരിന്ന കാര്‍ളോയുടെ കുടുംബാംഗങ്ങളുടെ മുഖത്തേക്ക് ആയിരിന്നു.

നിറകണ്ണുകളാല്‍ പുഞ്ചിരി തൂകിക്കൊണ്ടുള്ള അമ്മ അന്റോണിയ സല്‍സാനോയുടെ ചിത്രങ്ങള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തൊട്ടുപിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. താന്‍ വലിയ ദൈവ വിശ്വാസിയായിരുന്നില്ലായെന്നും വിശ്വാസത്തില്‍ ആഴപ്പെടുത്തിയത് കാര്‍ളോയുടെ സ്വാധീനമായിരിന്നുവെന്നും നിരവധി തവണ അഭിമുഖങ്ങളില്‍ പങ്കുവെച്ച വ്യക്തിയാണ് അന്റോണിയ സല്‍സാനോ. തിരുക്കര്‍മ്മങ്ങള്‍ക്ക് പിന്നാലെ വിശുദ്ധ കാര്‍ളോയുടെ കുടുംബം ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

Tags

Share this story

From Around the Web