രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് താപനിലയും യു.വി സൂചികയും ഉയരുന്നു. മറ്റ് ജില്ലകളില്‍ നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. അതേസമയം, കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ചില പ്രത്യേക സമുദ്രമേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 5, 9 തീയതികളില്‍ സോമാലിയ തീരം, അതിനോട് ചേര്‍ന്ന മധ്യ-തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും, സെപ്റ്റംബര്‍ 6, 7 തീയതികളില്‍ ഒമാന്‍ തീരം, മധ്യ-വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 8-നും ഈ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഇവിടെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പല ജില്ലകളിലും താപനില 35 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ടെന്നും, ഇത് സാധാരണയേക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനിടെ സംസ്ഥാനത്ത് യു.വി ഇന്‍ഡക്‌സും ഉയരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ യു.വി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അവിടെ റെഡ് അലേര്‍ട്ടിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ചൂടും സൂര്യാഘാത സാധ്യതയും തുടരുകയാണ്. പൊതുജനങ്ങള്‍ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.