എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.
മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകാനും വൈദ്യുത പോസ്റ്റുകള്‍ തകരാനും സാധ്യതയുള്ളതിനാല്‍ യാത്രക്കാരും പൊതുജനങ്ങളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.