യാർഡ് നവീകരണം: ഒക്ടോബർ 11 മുതൽ 15 വരെ തിരഞ്ഞെടുത്ത ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും

ദക്ഷിണ റെയിൽവേയുടെ രത്‌ലം ഡിവിഷനിലെ ഉജ്ജയിനിൽ നടക്കുന്ന യാർഡ് നവീകരണത്തിന്റെ ഭാഗമായുള്ള നോൺ-ഇന്റർലോക്ക് ജോലികൾ കാരണം തിരഞ്ഞെടുത്ത ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
2025 ഒക്ടോബർ 11 മുതൽ ഒക്ടോബർ 15 വരെയാണ് ഈ റൂട്ട് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
യാത്രക്കാർ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപോ യാത്ര പുറപ്പെടുന്നതിന് മുൻപോ ട്രെയിനുകളുടെ പുതുക്കിയ റൂട്ടുകൾ പരിശോധിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്കുള്ള തിരുവനന്തപുരം നോർത്ത് – ഇൻഡോർ അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22646) ആണ് വഴിതിരിച്ച് വിടുന്ന ട്രെയിൻ സർവീസുകളിൽ ഒന്ന്.
ഒക്ടോബർ 11ന് രാവിലെ 6.35നാണ് ഈ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. സാൻ്റ് ഹിർദറം നഗർ, മക്സി, ദേവാസ്, ഇൻഡോർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്. ഉജ്ജയ്നിൽ സ്റ്റോപ്പില്ല.
ഇൻഡോറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡോർ – തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനെയും (ട്രെയിൻ നമ്പർ 22645 ) വഴിതിരിച്ചുവിടും.
ഒക്ടോബർ 13 വൈകിട്ട് 4.45ന് ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഇൻഡോറിൽ നിർത്തില്ല.
ദേവാസ്, മക്സി, സാൻ്റ് ഹിർദറം നഗർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്.
ഉജ്ജയിൻ സ്റ്റേഷനിലെ യാർഡ് നവീകരണം സംബന്ധിച്ച ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ട്രെയിൻ വഴിതിരിച്ചുവിടൽ നടപടി.