നിക്കരാഗ്വൻ ജനതയുടെ മുറിവുകൾ ചരിത്രത്തിന്റെ സാക്ഷ്യങ്ങളാകും: ബിഷപ്പ് സിൽവിയോ ബേസ്

 
Bh

നിക്കരാഗ്വയിലെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകൾ ജനങ്ങളിൽ ഏൽപ്പിക്കുന്ന മുറിവുകൾ ഭാവിയിൽ അനീതിക്കെതിരെയുള്ള ‘ചരിത്രപരമായ അടയാളങ്ങളായി’ മാറുമെന്ന് ബിഷപ്പ് സിൽവിയോ ബേസ്. 2019 മുതൽ നാടുകടത്തപ്പെട്ട അവസ്ഥയിൽ കഴിയുന്ന അദ്ദേഹം, മിയാമിയിലെ സെന്റ് അഗതാ ദൈവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. അതേസമയം ഈ മുറിവുകൾ പഴയകാലത്തെ കഷ്ടതകളെ ഓർമ്മിപ്പിക്കുമെന്നും, സമാനമായ ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ വരുംതലമുറകളെ സഹായിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള നിക്കരാഗ്വൻ ഭരണകൂടം സഭയെയും വിശ്വാസികളെയും കഠിനമായി പീഡിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ ഈ പ്രതികരണം. ഭയത്തിലൂടെയും ആയുധങ്ങളിലൂടെയും അധികാരികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ‘വ്യാജ സമാധാനത്തെ’ അദ്ദേഹം ശക്തമായി അപലപിച്ചു. ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഇത്തരം സമാധാനശ്രമങ്ങൾ വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിൽ നിക്കരാഗ്വയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ബിഷപ്പുമാരും പുരോഹിതന്മാരും സമർപ്പിതരും ഉൾപ്പെടെ ഏകദേശം 309 മതനേതാക്കളെ രാജ്യം വിടാൻ ഭരണകൂടം നിർബന്ധിതരാക്കിയിട്ടുണ്ട്. കൂടാതെ, സഭയുടെ 39-ഓളം സ്വത്തുവകകൾകണ്ടുകെട്ടുകയും രൂപതകളിൽ പുതിയ പുരോഹിതന്മാരെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തുടർച്ചയായ നാലാം വർഷവും നോമ്പുകാലത്തെയും വിശുദ്ധ വാരത്തിലെയും മതപരമായ ഘോഷയാത്രകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഉയിർത്തെഴുന്നേറ്റ യേശു തന്റെ മുറിവുകൾ ശിഷ്യന്മാർക്ക് കാണിച്ചുകൊടുക്കുന്ന സുവിശേഷ ഭാഗത്തെ മുൻനിർത്തിയായിരുന്നു ബിഷപ്പിന്റെ പ്രഭാഷണം. ദൈവസ്നേഹത്താൽ സുഖപ്പെട്ട ഈ മുറിവുകൾ പിൽക്കാലത്ത് പ്രത്യാശയുടെ പ്രകാശമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം എന്നത് കേവലം യുദ്ധമില്ലാത്ത അവസ്ഥയല്ലെന്നും, അത് നീതിയിൽ നിന്നും സ്വാതന്ത്ര്യത്തിൽ നിന്നും ഉത്ഭവിക്കേണ്ടതാണെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

നമ്മുടെ ജീവിതം എളുപ്പമായിരിക്കില്ലെങ്കിലും, മറ്റുള്ളവരുടെ വേദനകളിൽ കരുണയോടെ ഇടപെടുന്നത് വഴി അത് കൂടുതൽ ഊർജ്ജസ്വലവും പ്രകാശപൂർണ്ണവുമാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ യഥാർഥ ശില്പികളായി മാറാനും പക്വതയുള്ള വിശ്വാസികളായി രോഗശാന്തിയുടെയും പുനഃസമാഗമത്തിന്റെയും പാത തിരഞ്ഞെടുക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web