ആരാധനക്രമത്തെച്ചൊല്ലി സഭയിൽ മുറിവുകൾ ഉണ്ടാകുന്നത് ആശങ്കാജനകമാണ്: ഫ്രഞ്ച് മെത്രാന്മാരോട് പാപ്പാ

 
Conference

സഭയ്ക്കുള്ളിൽ ആന്തരിക മുറിവുകൾക്ക് കാരണമാകുന്ന രണ്ട് സൂക്ഷ്മവും സങ്കീർണ്ണവുമായ വിഷയങ്ങളായ, ആരാധനക്രമ ഭിന്നിപ്പും, ദുരുപയോഗവും സഭയുടെ ആശങ്കയാണെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, ഫ്രഞ്ച് മെത്രാൻ സമിതിയുടെ  പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം  കൈമാറിയത്. മാർച്ചുമാസം ഇരുപത്തിനാലു മുതൽ, ഇരുപത്തിയാറു വരെ ലൂർദിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

ആരാധനക്രമ ആഘോഷങ്ങളിന്മേലുള്ള  പിരിമുറുക്കങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വിഭജനങ്ങൾ സുഖപ്പെടുത്തുന്നതിന്, പരസ്പര സ്വീകാര്യതയുടെ പാതയിലേക്ക് പാപ്പാ ഏവരെയും ക്ഷണിക്കുന്നു.

ഐക്യത്തിന്റെ കൂദാശയായ കുർബാന ആഘോഷവുമായി ബന്ധപ്പെട്ട് സഭയിൽ വേദനാജനകമായ ഒരു മുറിവ് തുറക്കുന്നത് ആശങ്കാജനകമാണെന്നും, അതിനെ സുഖപ്പെടുത്തുന്നതിന്, നമ്മുടെ ഓരോരുത്തരുടെയും നവമാക്കപ്പെട്ട വീക്ഷണവും, ധാരണകളും ആവശ്യമാണെന്നും പാപ്പായുടെ സന്ദേശത്തിൽ എടുത്തുപറയുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പോരാട്ടത്തിന്റെ തുടർച്ചയെയും പാപ്പാ സന്ദേശത്തിൽ പരാമർശിച്ചു.

ദീർഘകാലാടിസ്ഥാനത്തിൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ ശ്രമങ്ങളിൽ സ്ഥിരോത്സാഹം കാണിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു.

നിരവധി വർഷങ്ങൾ നീണ്ട വേദനാജനകമായ പ്രതിസന്ധികൾക്കുശേഷം, ഭാവിയിലേക്ക് ദൃഢനിശ്ചയത്തോടെ തിരിയാനും കഠിനമായി പരീക്ഷിക്കപ്പെട്ട ഫ്രാൻസിലെ പുരോഹിതർക്ക് പ്രോത്സാഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം നൽകാനും പാപ്പാ ആഹ്വാനം ചെയ്തു.

എന്നാൽ കുറ്റക്കാരായ പുരോഹിതരുടെ കാര്യത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കുവാനും പാപ്പാ ആവശ്യപ്പെട്ടു.

ലോകത്തിന്റെ ഭാവിക്കും സുവിശേഷ പ്രഖ്യാപനത്തിനും കത്തോലിക്കാ വിദ്യാഭ്യാസം അടിസ്ഥാന പ്രാധാന്യമർഹിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കുന്ന പാപ്പാ, കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ക്രിസ്തീയ മാനത്തെ ദൃഢനിശ്ചയത്തോടെ പ്രതിരോധിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web