ആരാധനക്രമത്തെച്ചൊല്ലി സഭയില്‍ മുറിവുകള്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണ്: ഫ്രഞ്ച് മെത്രാന്മാരോട് പാപ്പാ

 
Church

വത്തിക്കാന്‍സിറ്റി: സഭയ്ക്കുള്ളില്‍ ആന്തരിക മുറിവുകള്‍ക്ക് കാരണമാകുന്ന രണ്ട് സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ വിഷയങ്ങളായ, ആരാധനക്രമ ഭിന്നിപ്പും, ദുരുപയോഗവും സഭയുടെ ആശങ്കയാണെന്നു എടുത്തു പറഞ്ഞുകൊണ്ടാണ്, ഫ്രഞ്ച് മെത്രാന്‍ സമിതിയുടെ  പ്ലീനറി സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക്, ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം നല്‍കിയത്. 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം  കൈമാറിയത്. മാര്‍ച്ചുമാസം ഇരുപത്തിനാലു മുതല്‍, ഇരുപത്തിയാറു വരെ ലൂര്‍ദില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.

ആരാധനക്രമ ആഘോഷങ്ങളിന്മേലുള്ള  പിരിമുറുക്കങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ വിഭജനങ്ങള്‍ സുഖപ്പെടുത്തുന്നതിന്, പരസ്പര സ്വീകാര്യതയുടെ പാതയിലേക്ക് പാപ്പാ ഏവരെയും ക്ഷണിക്കുന്നു. 

ഐക്യത്തിന്റെ കൂദാശയായ കുര്‍ബാന ആഘോഷവുമായി ബന്ധപ്പെട്ട് സഭയില്‍ വേദനാജനകമായ ഒരു മുറിവ് തുറക്കുന്നത് ആശങ്കാജനകമാണെന്നും, അതിനെ സുഖപ്പെടുത്തുന്നതിന്, നമ്മുടെ ഓരോരുത്തരുടെയും നവമാക്കപ്പെട്ട വീക്ഷണവും, ധാരണകളും ആവശ്യമാണെന്നും പാപ്പായുടെ സന്ദേശത്തില്‍ എടുത്തുപറയുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ചയെയും പാപ്പാ സന്ദേശത്തില്‍ പരാമര്‍ശിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ ശ്രമങ്ങളില്‍ സ്ഥിരോത്സാഹം കാണിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു. 

നിരവധി വര്‍ഷങ്ങള്‍ നീണ്ട വേദനാജനകമായ പ്രതിസന്ധികള്‍ക്കുശേഷം, ഭാവിയിലേക്ക് ദൃഢനിശ്ചയത്തോടെ തിരിയാനും കഠിനമായി പരീക്ഷിക്കപ്പെട്ട ഫ്രാന്‍സിലെ പുരോഹിതര്‍ക്ക് പ്രോത്സാഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം നല്‍കാനും പാപ്പാ ആഹ്വാനം ചെയ്തു. 

എന്നാല്‍ കുറ്റക്കാരായ പുരോഹിതരുടെ കാര്യത്തില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുവാനും പാപ്പാ ആവശ്യപ്പെട്ടു.

ലോകത്തിന്റെ ഭാവിക്കും സുവിശേഷ പ്രഖ്യാപനത്തിനും കത്തോലിക്കാ വിദ്യാഭ്യാസം അടിസ്ഥാന പ്രാധാന്യമര്‍ഹിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കുന്ന പാപ്പാ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ ക്രിസ്തീയ മാനത്തെ ദൃഢനിശ്ചയത്തോടെ പ്രതിരോധിക്കാന്‍ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web