മുറിവേറ്റ മണിപ്പൂരിന് സൗഖ്യദായക പ്രക്രിയ ആവശ്യം:ആര്‍ച്ചുബിഷ്പ്പ് നേലി

രണ്ടു വര്‍ഷത്തിലേറെയായി കലാപബാധിത പ്രദേശമായ മണിപ്പൂരിലെ ജനങ്ങള്‍ മുറിവേറ്റവരാണെന്നും ആകയാല്‍ സൗഖ്യദായക-അനുരഞ്ജന പ്രക്രിയ അനിവാര്യമാണെന്നും ഇംഫാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലീനസ് നേലി.
മെയ്‌തെയ് വംശജരെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2023 മെയ് 3-ന് ചുരാചന്ദ്പുരില്‍ നടന്ന ''ട്രൈബല്‍ സൊളിഡാരിറ്റി'' പ്രകടനത്തോടെ മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച അനേകരുടെ ജീവനെടുത്ത കലാപത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-ന് ആ സംസ്ഥാനം സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ ഫീദെസ് വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം, ക്ഷേമം, വികസനം, ഐക്യം തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു എന്നാല്‍ ജനങ്ങളുടെ വേദനാജനകമായ ജീവിതാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ സംഖ്യ അമ്പതിനായിരത്തിലേറെ വരുമെന്നും അവരുടെ സ്ഥിതി പരിതാപകരമാണെന്നും ആര്‍ച്ചുബിഷപ്പ് നേലി വെളിപ്പെടുത്തി.
ഇവിടെ ആവശ്യം മെയ്‌തെയ്-കൂക്കി വിഭാഗങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹജീവനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ അനുരഞ്ജന പ്രക്രിയ ഗൗരവബുദ്ധിയോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ടീയ ഇച്ഛാശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.