മുറിവേറ്റ ആമസോണ്‍ ജനതയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം: ലിയോ പതിനാലാമന്‍ പാപ്പാ

 
leo papa

തന്റെ അപ്പസ്‌തോലികയാത്രയുടെ ഭാഗമായി, നവംബര്‍ 15 ഞായറാഴ്ച വൈകുന്നേരം പെറുവിലെ പുകാല്‍പയില്‍  പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ക്കും, അവിടെയുള്ള ആമസോണ്‍ തദ്ദേശീയ ജനതയുടെ പ്രതിനിധികള്‍ക്കുമൊപ്പം നടത്തിയ സമ്മേളനത്തില്‍, വനനശീകരണം, ഖനനം, മനുഷ്യക്കടത്ത് തുടങ്ങി, പ്രദേശത്തെ ജനത്തിന്റെ ജീവനും, പ്രകൃതിക്കും ഭീഷണിയാകുന്ന തിന്മകള്‍ക്കെതിരെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ ശബ്ദമുയര്‍ത്തി.

പുകാല്‍പയിലെ 'മലത്തോണ്‍ പുയെര്‍ത്തോ കയ്യാവോ'-യില്‍  നടന്ന ഈ സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്തു. സമ്മേളനസ്ഥലത്തേക്കുള്ള വഴിയില്‍ ഇരുപതിനായിരത്തോളം ആളുകള്‍ പാപ്പായെ കാത്തുനിന്നിരുന്നു.

താന്‍ പെറുവില്‍ മിഷനറിയായി കഴിഞ്ഞിരുന്ന കാലം അനുസ്മരിച്ച പാപ്പാ, കര്‍ത്താവിനെ വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷിക്കാനായി മാനവികതയ്ക്കൊപ്പമായിരിക്കുന്നത്, ക്രിസ്തുവിനെപ്പോലെ ആയിത്തീരാനും, അവന്റെ തിരികെ വരവിന്റെ പ്രത്യാശയില്‍, അവനെ ഇപ്പോള്‍, ഇവിടെ പിന്തുടരാനും പരിശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രസ്താവിച്ചു.

തദ്ദേശീയ ജനത നേരിടുന്ന ദുരിതങ്ങള്‍

തങ്ങളുടെ സ്വന്തം ഭൂമിയും പാരമ്പര്യവും സംരക്ഷിക്കുന്നതിനിടയില്‍, നിരവധി തദ്ദേശീയ നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച പാപ്പാ, ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭിക്കാത്ത വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ അവസ്ഥയും തന്റെ പ്രഭാഷണത്തില്‍  പരാമര്‍ശിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും കൗമാരക്കാരും നേരിടുന്ന അതിക്രമങ്ങളും ലൈംഗികപീഡനങ്ങളും ഗൗരവകരമാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

പ്രകൃതിയുടെ പരിപാലനം

വനനശീകരണം, അനധികൃത ഖനനം ജലമലിനീകരണം തുടങ്ങിയവ ആമസോണ്‍ മേഖലയിലെ പ്രകൃതിയെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നത് അനുസ്മരിച്ച പാപ്പാ, ജനത്തിന്റെ ദാരിദ്ര്യം മുതലെടുത്ത് മയക്കുമരുന്ന് വ്യാപാരശൃംഖലകള്‍ അവരെ ചൂഷണം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി. പ്രകൃതിയെയും മനുഷ്യസംസ്‌കാരങ്ങളെയും ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച്, സമഗ്ര പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയ ജനതയുടെ സംരക്ഷണം

തദ്ദേശീയ ഭാഷകളും പൂര്‍വികരുടെ അറിവുകളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പരാമര്‍ശിച്ച പാപ്പാ, അതേസമയം, ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്ന, ഗുണമേന്മയുള്ള വിദ്യാഭ്യാസം അവിടുത്തെ യുവജനത്തിന് ലഭിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു. സഭയുടെ സാമൂഹികപ്രബോധനവും തദ്ദേശീയ ജനതയുടെ പാരമ്പര്യവിജ്ഞാനവും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും പാപ്പാ നിര്‍ദേശിച്ചു.

സമര്‍പ്പിതരും മിഷനറിമാരും

ആമസോണ്‍ മേഖല ഉള്‍ക്കൊള്ളുന്ന വികാരിയാത്തില്‍ വെറും 25 വൈദികര്‍ മാത്രമാണുള്ളതെന്ന കാര്യം പരാമര്‍ശിച്ച പരിശുദ്ധ പിതാവ്. അവിടെ ശുശ്രൂഷ ചെയ്യുന്ന സന്ന്യസ്തരെയും അല്‍മായ അജപാലനപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും, അവരുടെ പരിശീലനത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

Tags

Share this story

From Around the Web