ഒരു അടിമയ്ക്ക് വേണ്ടി നിങ്ങൾ സ്വന്തം ജീവൻ നൽകുമോ? നൽകുമെന്ന് വ്രതമെടുത്ത സന്ന്യാസിമാർ
ഒരു അടിമയ്ക്ക് വേണ്ടി നിങ്ങള്‍ സ്വന്തം ജീവന്‍ നല്‍കുമോ? നല്‍കുമെന്ന് വ്രതമെടുത്ത സന്ന്യാസിമാര്‍
അടിമത്തവും മനുഷ്യരെ തടവിലാക്കുന്നതും ഉണ്ടാക്കിയ വലിയ ആഘാതങ്ങള്‍ ലോകം ഒരിക്കലും മറക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 അടിമക്കച്ചവടത്തിന്റെയും അതിന്റെ നിര്‍മ്മാര്‍ജ്ജനത്തിന്റെയും അന്താരാഷ്ട്ര ഓര്‍മ്മദിനമായി ആചരിക്കുന്നു. എന്നാല്‍, ഒരു ക്രിസ്ത്യന്‍ അടിമയുടെ മോചനത്തിനായി സ്വന്തം ജീവന്‍ പകരം നല്‍കാം എന്ന് ദൈവത്തോട് പ്രത്യേക വ്രതം എടുക്കുന്ന ഒരു പുരാതന കത്തോലിക്കാ സന്ന്യാസ സമൂഹത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
കത്തോലിക്കാ സഭയിലെ സന്ന്യാസിമാര്‍ സാധാരണയായി ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്ന് വ്രതങ്ങളാണ് ദൈവത്തിന് മുന്‍പില്‍ എടുക്കുന്നത്. എന്നാല്‍ 'മെര്‍സിഡേറിയന്‍സ്' (Mercedarians - Order of Mercy) എന്ന സന്ന്യാസ സമൂഹത്തിന് ഒരു പ്രത്യേകതയുണ്ട്: തടവിലാക്കപ്പെട്ട ഒരാളുടെ മോചനത്തിനായി സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് നല്‍കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന നാലാമതൊരു വ്രതം കൂടി ഇവിടുത്തെ അംഗങ്ങള്‍ എടുക്കുന്നു.
''സ്‌നേഹത്താല്‍ പ്രചോദിതരായി ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍, ഞങ്ങള്‍ ഒരു പ്രത്യേക വ്രതത്തിലൂടെ ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പുതിയ തരത്തിലുള്ള അടിമത്തങ്ങളില്‍പ്പെട്ട് വിശ്വാസം നഷ്ടപ്പെടാന്‍ വലിയ അപകടസാധ്യതയുള്ള ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ആവശ്യമായി വന്നാല്‍, ക്രിസ്തു നമുക്കായി ജീവന്‍ നല്‍കിയതുപോലെ സ്വന്തം ജീവനും നല്‍കുമെന്ന് ഞങ്ങള്‍ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു,'' ഓര്‍ഡര്‍ ഓഫ് മെര്‍സിയുടെ ഭരണഘടനാ രേഖയില്‍ പറയുന്നു.
ഈ തീരുമാനത്തിന് പിന്നിലെ കാര്യം മനസ്സിലാക്കാന്‍, 1218-ല്‍ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ പീറ്റര്‍ നൊലാസ്‌കോയ്ക്ക് ദര്‍ശനം നല്‍കിയ പരിശുദ്ധ കന്യകാമറിയത്തിന്റെ വാക്കുക ഓര്‍ക്കേണ്ടതുണ്ട്. അന്യദേശങ്ങളില്‍ അടിമകളാക്കപ്പെട്ടവരെ സഹായിക്കാന്‍ ഒരു സന്ന്യാസ സമൂഹം തുടങ്ങാന്‍ മാതാവ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
സ്‌പെയിനിലെ ബാഴ്സലോണയില്‍ ജനിച്ച വിശുദ്ധന്റെ കാലഘട്ടത്തില്‍ (1189-1258), മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളെ പിടിച്ചുകൊണ്ടുപോയി ആഫ്രിക്കയില്‍ അടിമകളാക്കുന്നത് പതിവായിരുന്നു. ഈ ദാരുണമായ അവസ്ഥ കണ്ട വിശുദ്ധ പീറ്റര്‍, നൂറുകണക്കിന് ആളുകളെ രക്ഷിക്കാന്‍ തന്റെ സ്വത്ത് മുഴുവന്‍ ഉപയോഗിച്ചു. എന്നാല്‍ പണവും ഭിക്ഷയായി കിട്ടിയ തുകയും തീര്‍ന്നപ്പോള്‍, ഒരു സന്ന്യാസ സമൂഹം സ്ഥാപിക്കാന്‍ ദൈവമാതാവ് ഇടപെട്ടു.
വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചുള്ള corazones.org എന്ന വെബ്സൈറ്റ് അനുസരിച്ച്, ''സഭയില്‍ ചേരുമ്പോള്‍, തടവുകാരെ മോചിപ്പിക്കാന്‍ പണം തികയാതെ വരുന്ന സാഹചര്യത്തില്‍, വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഏതൊരു തടവുകാരനും പകരം തങ്ങള്‍ അവിടെ അടിമയായി തുടരുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തിരുന്നു.''
ഈ രീതിയില്‍, വിശുദ്ധ പീറ്റര്‍ നൊലാസ്‌കോയും അദ്ദേഹത്തിന്റെ സഹോദരന്മാരും നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ധാരാളം ക്രിസ്ത്യാനികളെ അടിമത്തത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കാസ്റ്റീല്‍ പ്രവിശ്യയിലെ മെര്‍സിഡേറിയന്‍ സന്ന്യാസിമാര്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ''സ്വതന്ത്രരാക്കാനും, സ്‌നേഹിക്കാനും, ശുശ്രൂഷിക്കാനും, അടിമത്തത്തെയും അതിന് കാരണമാകുന്ന അനീതികളെയും എതിര്‍ക്കാനുമാണ് ഞങ്ങളെ അയച്ചിരിക്കുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് ഭയമില്ല, ഞങ്ങള്‍ ജീവന്‍ പണയം വച്ചും ഇത് ചെയ്യും. കാരണം ഞങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യം ഞങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും അര്‍ഹതയുള്ളതാണ്.''
2022 മെയില്‍ മെര്‍സിഡേറിയന്‍ സന്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു: സന്ന്യാസ സമൂഹം സ്ഥാപിതമായ കാലത്തേക്കാള്‍ 'കൂടുതല്‍ അടിമകള്‍' ഇന്നത്തെ ലോകത്തിലുണ്ട്. ആധുനിക അടിമത്തത്തിന്റെ പുതിയ രൂപങ്ങളില്‍ നിന്ന് ആളുകളെ മോചിപ്പിക്കുന്ന ദൗത്യം തുടരാന്‍ അവിടുന്ന് അവരെ പ്രോത്സാഹിപ്പിച്ചു.
''വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്തതും, ഒളിച്ചുവയ്ക്കപ്പെട്ടതുമായ പുതിയ രൂപത്തിലുള്ള നിരവധി അടിമത്തങ്ങള്‍ ഇന്നുണ്ട്. റോം, ലണ്ടന്‍, പാരിസ് തുടങ്ങിയ വലിയ നഗരങ്ങളില്‍ പോലും വിവിധ തരത്തിലുള്ള അടിമത്തങ്ങള്‍ തുടരുന്നു. അവരെ കണ്ടെത്തി ദൈവത്തോട് ചോദിക്കുക: 'ഞാന്‍ എന്താണ് ചെയ്യേണ്ടത്?''' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്തുപറഞ്ഞു.