'കായികമേളയിലെ ഭക്ഷണത്തില്‍ പുഴു'; വ്യാജ പ്രചാരണം നടത്തിയ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളില്‍ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്. പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകര്ത്തതിനുമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.