ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചുവര്‍ചിത്രം അര്‍ജന്റീനയില്‍

 
ARJENTINA

ബ്യൂണസ് അയേഴ്‌സ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചുവര്‍ചിത്രം അര്‍ജന്റീനയില്‍ അനാച്ഛാദനം ചെയ്തു. ജൂലൈ 26ന് അര്‍ജന്റീനയിലെ ലാ പ്ലാറ്റയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിന് സമീപമുള്ള കെട്ടിടത്തിലാണ് ചുവര്‍ ചിത്രം അനാച്ഛാദനം ചെയ്തിരിക്കുന്നത്. 

പ്രശസ്ത കലാകാരനായ മാര്‍ട്ടിന്‍ റോണ്‍ വരച്ച ചുവര്‍ചിത്രത്തിന് 50 മീറ്റര്‍ ഉയരമുണ്ട് (164 അടി). ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും വലിയ ചുവര്‍ചിത്രമെന്ന ഖ്യാതിയോടെയാണ് അനാച്ഛാദനം ചെയ്തത്.

അര്‍ജന്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗണ്‍സില്‍ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരിന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായും ഭാവിയില്‍ പ്രാര്‍ത്ഥനയ്ക്കും തീര്‍ത്ഥാടനത്തിനും സാധ്യമായ ഒരു സ്ഥലമായും ഇത് കണക്കാക്കപ്പെടുന്നു. 

പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് കലാസൃഷ്ടിയില്‍ ഒരുക്കിയത്. പറക്കാന്‍ തയ്യാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് പാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം.

ഡീഗോ മറഡോണ, ലയണല്‍ മെസ്സി തുടങ്ങിയ അര്‍ജന്റീനിയന്‍ ഇതിഹാസങ്ങളുടെ ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനാണ് മാര്‍ട്ടിന്‍ റോണ്‍. ചുമര്‍ചിത്രകല ആളുകളുടെ മനസ്സില്‍ പ്രധാനപ്പെട്ട വ്യക്തികളെ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. 

ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ലാ പ്ലാറ്റ മേയര്‍, ദേവാലയ നേതൃത്വം, സ്‌കൂള്‍ കുട്ടികള്‍, വിവിധ സംഘടനകളിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് ചുവര്‍ ചിത്രത്തിന്റെ അനാച്ഛാദനത്തില്‍ പങ്കെടുത്തത്.
 

Tags

Share this story

From Around the Web