ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികന് വിട; ഫാ. ബ്രൂണോ കാന്റ് 110-ാം വയസിൽ അന്തരിച്ചു
ഫുൾഡാ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായ ഫാ. ബ്രൂണോ കാന്റ് (110) അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതവും യുദ്ധത്തടവറയിലെ അതിജീവനവും കൊണ്ട് ശ്രദ്ധേയനായ ഈ വിശുദ്ധ മനുഷ്യന്റെ വിയോഗം സഭയ്ക്കും വിശ്വാസികൾക്കും തീരാനഷ്ടമാണ്.
1916 ഫെബ്രുവരി 26 ന് അന്നത്തെ പശ്ചിമ പ്രഷ്യയിലാണ് (ഇപ്പോഴത്തെ പോളണ്ട്) ബ്രൂണോ കാന്റ് ജനിച്ചത്. ചെറുപ്പം മുതൽക്കേ വൈദികനാകാൻ ആഗ്രഹിച്ചിരുന്ന അദേഹത്തിന്റെ പഠനയാത്ര രണ്ടാം ലോകമഹായുദ്ധം തടസപ്പെടുത്തി. പഠനത്തിനിടെ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ട ബ്രൂണോ പിന്നീട് സോവിയറ്റ് യൂണിയന്റെ തടവറയിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചു.
എന്നാൽ പ്രതിസന്ധികൾക്കിടയിലും ദൈവ വിശ്വാസം കൈവിടാതെ പോരാടി. 1948-ൽ തടവിൽ നിന്ന് മോചിതനായ ശേഷം ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി, 1950 ജൂലൈ 23-ന് ഫുൾഡാ കത്തീഡ്രലിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.
75 വർഷത്തിലധികം പൗരോഹിത്യ ശുശ്രൂഷയിൽ വ്യാപൃതനായിരുന്ന അദേഹം 30 വർഷം ഒരു ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു. 1991 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും 102-ാം വയസുവരെ ആത്മീയ ശുശ്രൂഷകളിൽ സജീവമായിരുന്നു. പ്രാർത്ഥനയാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് വൈദികൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 2 -ന് 110-ാം ജന്മദിനം ആഘോഷിച്ചപ്പോൾ ലിയോ 14-ാമൻ മാർപാപ്പ ഫാ. ബ്രൂണോ കാന്റിന് നേരിട്ട് കത്തയച്ച് ആദരവ് പ്രകടിപ്പിച്ചിരുന്നു. സഭയ്ക്ക് നൽകിയ നിസ്വാർത്ഥമായ സേവനങ്ങൾക്ക് പാപ്പ പ്രത്യേകം നന്ദി അറിയിക്കുകയുമുണ്ടായി.
പുഞ്ചിരിയോടെയും കരുണയോടെയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഫാ. കാന്റ്, ഒരു നൂറ്റാണ്ടിലധികം ദൈവത്തിന്റെ സ്നേഹദൂതുമായി ജീവിച്ചാണ് വിടവാങ്ങുന്നത്. വൈദികന്റെ ഓർമ്മകൾക്ക് മുന്നിൽ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.