ലോകത്തെ ഏറ്റവും ശമ്പളമുള്ള പ്രധാനമന്ത്രിക്ക് വീണ്ടും ശമ്പളവര്‍ധന.ഒക്ടോബര്‍ 15 മുതല്‍ പുതുക്കിയ ശമ്പള ഘടന പ്രാബല്യത്തില്‍ വരും
 

 
lorance wong

 
    
 
സിംഗപ്പൂര്‍: ലോകത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിയായ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ശമ്പളം 64 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. 

നിലവിലെ 2.2 മില്യന്‍ സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 3.6 മില്യന്‍ ഡോളറായാണ് വാര്‍ഷിക ശമ്പളം ഉയരുക. ഏകദേശം 2.8 മില്യന്‍ യുഎസ് ഡോളര്‍ വരുന്ന തുകയാണിത്.

ഒക്ടോബര്‍ 15 മുതല്‍ പുതുക്കിയ ശമ്പള ഘടന പ്രാബല്യത്തില്‍ വരും. 2026ലെ സ്വതന്ത്ര ശമ്പളപരിശോധനാ സമിതിയുടെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ ശമ്പള ഘടന നിലവില്‍ വരുന്നത്.

പ്രധാനമന്ത്രിക്ക് പുറമെ ഉപപ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളത്തിലും വര്‍ധനയുണ്ടാകും. ഉപപ്രധാനമന്ത്രിയുടെ ശമ്പളം 1.87 മില്യണ്‍ സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 3.06 മില്യന്‍ ആയി ഉയരും. 

മന്ത്രിമാരുടെ ശമ്പളം പദവിയും ചുമതലയും അനുസരിച്ച് 1.8 മില്യന്‍ മുതല്‍ 2.88 മില്യന്‍ സിംഗപ്പൂര്‍ ഡോളര്‍ വരെയായിരിക്കും. ഒക്ടോബര്‍ 15 മുതല്‍ പരമാവധി ഒമ്പത് ശതമാനം വരെ ഒറ്റത്തവണ വര്‍ധനയാണ് ആദ്യം ലഭിക്കുക. തുടര്‍ന്നുള്ള വര്‍ധന പ്രകടനവും ചുമതലകളും അടിസ്ഥാനമാക്കിയാകും.

ശമ്പളവര്‍ധന സംബന്ധിച്ച് പൊതുജനങ്ങളില്‍ ഉയരാനിടയുള്ള വിമര്‍ശനം കണക്കിലെടുത്ത്, തനിക്ക് ലഭിക്കുന്ന അധിക ശമ്പളം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ലോറന്‍സ് വോങ് പ്രഖ്യാപിച്ചു. 

സര്‍ക്കാര്‍ നല്‍കുന്ന മുഴുവന്‍ ശമ്പളവും ആദ്യം സ്വീകരിച്ച ശേഷം വര്‍ധിച്ച തുക അദ്ദേഹം സംഭാവന ചെയ്യുന്നതാണ് പദ്ധതി.

രാഷ്ട്രീയ രംഗത്തേക്ക് കഴിവുള്ളവരെ ആകര്‍ഷിക്കാനും അഴിമതിയുടെ സാധ്യത കുറയ്ക്കാനും സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളവുമായി മത്സരിക്കാനുമാണ് സിംഗപ്പൂര്‍ ഉയര്‍ന്ന രാഷ്ട്രീയ ശമ്പളത്തെ ന്യായീകരിക്കുന്നത്.

 രാജ്യത്തെ ഉയര്‍ന്ന വരുമാനക്കാരുടെ ശമ്പള നിലവാരവുമായി ബന്ധിപ്പിച്ചാണ് രാഷ്ട്രീയ ശമ്പള ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
 

Tags

Share this story

From Around the Web