ലോകത്തെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റിഅധിഷ്ഠിത 5ജി ടെലിമെഡിസിൻ ബൈക്ക് ആംബുലൻസ് സേവനത്തിന് ബിലീവേഴ്സിൽ തുടക്കമായി
തിരുവല്ല : ലോകത്തെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) അധിഷ്ഠിത 5ജി ബൈക്ക് ആംബുലൻസ് സേവനത്തിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. അതിവേഗ 5 ജി കണക്ടിവിറ്റിയുടെ സഹായത്തോടെ ടെലിമെഡിസിൻ സൗകര്യ ക്രമീകരണം കൂടിയുള്ളതാണ് ബിലീവേഴ്സ് ബൈക്ക് ആംബുലൻസിനെ മറ്റുള്ള ബൈക്ക് ആംബുലൻസിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ട്രാഫിക് കുരുക്കുകളെയും ഇടുങ്ങിയ വഴികളെയും മറികടന്ന് അടിയന്തര ഘട്ടങ്ങളിൽ രോഗികളിലേക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സേവനം സജ്ജമാക്കിയിരിക്കുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം കാളിദാസ് ജയറാം ബിലീവേഴ്സ് ബൈക്ക് ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്തു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും സെപ്റ്റംബറിൽ ബിലീവേഴ്സ് ആശുപത്രിയിൽ നടക്കാൻ പോകുന്ന കാർഡിയോ -കിഡ്നി -മെറ്റാബോളിക്ക് ഹെൽത്ത് ദേശീയ സമ്മേളനത്തിന്റെ വിളംബര വീഡിയോ പ്രകാശനം നിർവഹിക്കുകയും ചെയ്തു . കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ബിലീവേഴ്സ് ബൈക്ക് ആംബുലൻസിനെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി. ഡപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ ഷമ്മി ഡഗ്ലസ് ലാമ്പെർട്ട് കൃതജ്ഞത രേഖപ്പെടുത്തി.
"സമയം ലാഭിക്കൂ, ജീവൻ രക്ഷിക്കൂ" എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ സംരംഭത്തിലൂടെ അപകടസ്ഥലത്തെത്തുന്ന ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഓഗ്മെൻ്റഡ് റിയാലിറ്റി അധിഷ്ഠിത 5 ജി കണക്റ്റിവിറ്റി സൗകര്യമുള്ള സ്‌മാർട്ട് ഗ്ലാസ്സുകളിലൂടെ ആശുപത്രിയിലെ ട്രോമ കെയർ വിദഗ്ദ്ധരുമായി തത്സമയം ബന്ധപ്പെടാൻ സാധിക്കും. അപകടസ്ഥലത്തോ വീടുകളിലോ ഉള്ള രോഗിയുടെ അവസ്ഥ കൃത്യമായി നിരീക്ഷിച്ച് പ്ലാറ്റിനം മിനിറ്റുകളിൽ തന്നെ വെൻ്റിലേറ്റർ, ഡിഫിബ്രില്ലേറ്റർ, അത്യാവശ്യ മരുന്നുകൾ എന്നിവ അടക്കമുള്ള പ്രാഥമിക ജീവൻരക്ഷാ പരിചരണം നൽകാൻ ഇതിലൂടെ കഴിയും. വലിയ ഐ.സി.യു ആംബുലൻസുകൾ എത്തുന്നതുവരെയുള്ള നിർണായക സമയത്ത് രോഗിയുടെ ജീവൻ സുരക്ഷിതമാക്കാൻ ആവശ്യമായ അത്യാധുനിക വൈദ്യോപകരണങ്ങളും ഈ ബൈക്ക് ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ബിലീവേഴ്സ് ആശുപത്രിയുടെ ഈ പുതിയ പദ്ധതി വലിയൊരു വഴിത്തിരിവാകും.
caption: ലോകത്തെ ആദ്യ ഓഗ്‌മെന്റഡ് റിയാലിറ്റിഅധിഷ്ഠിത 5ജി ടെലിമെഡിസിൻ ബൈക്ക് ആംബുലൻസ് സേവനത്തിന് ബിലീവേഴ്സിൽ തുടക്കമായി