ലോക യുവജനദിനം 2027: ഇടവകകൾ മുന്നിട്ടിറങ്ങണമെന്ന് സിയോൾ ആർച്ച് ബിഷപ്പ്
2027-ൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ ലോക യുവജനദിനത്തിന്റെ (World Youth Day) ഒരുക്കങ്ങളിൽ കേവലം ഔദ്യോഗിക ഭാരവാഹികളായല്ല, മറിച്ച് ഈ ആഗോള സംഗമത്തിന്റെ യഥാർഥ നായകന്മാരായി ഇടവക സംഘാടകർ മാറണമെന്ന് സിയോൾ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-തൈക്ക്. ഏപ്രിൽ 19-ന് മ്യോങ്‌ഡോങ് കത്തീഡ്രലിൽ നടന്ന പ്രത്യേക ദിവ്യബലിമധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 8 വരെയാണ് ലോക യുവജനദിനമായി നിശ്ചയിച്ചിരിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കുന്ന ഈ ചടങ്ങിൽ ഓരോ വിശ്വാസിക്കും വലിയ പങ്കു വഹിക്കാനുണ്ടെന്ന് ഓർമ്മിപ്പിച്ച ആർച്ച് ബിഷപ്പ്, “ചിലർ പ്രാർഥനയിലൂടെയും മറ്റു ചിലർ സേവനത്തിലൂടെയും സഹായങ്ങളിലൂടെയും പങ്കുചേരും. ഇനിയും ചിലർ തീർത്ഥാടകർക്കായി തങ്ങളുടെ വീടുകളുടെ വാതിലുകൾ തുറന്നിട്ടുകൊണ്ട് ഈ ദൗത്യത്തിൽ പങ്കാളികളാകും” എന്ന് പറഞ്ഞു.
സിയോൾ അതിരൂപതയിലെ ‘ഇടവക സംഘാടക സമിതികളുടെ’ (Parish Organizing Committees – POCs) ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ദിവ്യബലി സംഘടിപ്പിച്ചത്. ലോക യുവജനദിനത്തിനെത്തുന്നവർക്ക് വീടുകളിൽ താമസസൗകര്യം (Homestay) ഒരുക്കുക, സ്കൂളുകളിലും മറ്റും താമസസൗകര്യങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ഈ സമിതികളുടെ പ്രധാന ചുമതലകൾ. എന്നാൽ ഇതൊരു താമസസൗകര്യം ഒരുക്കൽ സമിതി മാത്രമല്ലെന്നും, ഇടവക സമൂഹത്തെ പ്രാർഥനയിലൂടെ നവീകരിക്കാനും യുവജനദിനം മുഴുവൻ പ്രാദേശിക സഭയുടെയും പങ്കാളിത്തമുള്ള ഒന്നാണെന്ന് ബോധ്യപ്പെടുത്താനുമുള്ള ദൗത്യമാണ് ഇതിനുള്ളതെന്നും അതിരൂപത വ്യക്തമാക്കി.
ജനറൽ കോർഡിനേറ്റർ ബിഷപ്പ് പോൾ ക്യൂങ്-സാങ് ലീ ഉൾപ്പെടെ ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് 300-ഓളം തടിയിൽ നിർമ്മിച്ച WYD ലോഗോ ശിൽപ്പങ്ങൾ ആർച്ച് ബിഷപ്പ് ആശീർവദിക്കുകയും ഓരോ ഇടവകകൾക്കുമായി കൈമാറുകയും ചെയ്തു. ഇവ പ്രാർഥനയുടെയും ഐക്യത്തിന്റെയും അടയാളമായി ഇടവകകളിൽ സ്ഥാപിക്കും.
തീർത്ഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ അത് വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും കൃപ നിറഞ്ഞ അനുഭവമായി മാറുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കൂടാതെ, സിയോൾ അതിരൂപത ആരംഭിച്ച “നൂറു കോടി ജപമാല യജ്ഞത്തിൽ” (One Billion Rosaries Prayer Campaign) ഇടവകകൾ കൂടുതൽ തീക്ഷ്ണതയോടെ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളിൽ ദൈവത്തെ കണ്ടെത്താനുള്ള കൃപയുടെ സമയമായി ഈ യുവജനദിനം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.