വേള്‍ഡ് മിഷന്‍ റോസറി’ ഓണ്‍ലൈനില്‍ വീണ്ടും തുടങ്ങി; ഇത് ലോകത്തിനുവേണ്ടി ധന്യന്‍ ബിഷപ് ഷീന്‍ ആരംഭിച്ച പ്രാര്‍ത്ഥന
ബ്രിസ്‌ബേയ്ന്‍/ഓസ്‌ട്രേലിയ: ധന്യന്‍ ഫുള്‍ട്ടണ്‍ ഷീന്‍ ആരംഭിച്ച, ലോകമെമ്പാടുമുള്ള ജനതയെ ജപമാലയിലൂടെ ആശ്ലേഷിക്കുന്ന ‘വേള്‍ഡ് മിഷന്‍ റോസറി’ ഓണ്‍ലൈനായി വീണ്ടും ആരംഭിച്ചു. ഓസ്ട്രേലിയയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ ദേശീയ ഓഫീസായ ‘കാത്തലിക് മിഷന്‍’ ആണ് മെയ് മാസത്തില്‍ ഈ ആഗോള പ്രാര്‍ത്ഥനാ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. മെയ് മാസത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ മിഷന് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഓണ്‍ലൈനായി ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് കാത്തലിക് മിഷന്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളെയും പ്രാര്‍ത്ഥനയില്‍ സ്മരിച്ചുകൊണ്ട്, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
1951-ല്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ഡയറക്ടറായിരുന്ന ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ഷീന്‍ ‘കാത്തലിക്ക് ഹവര്‍’ എന്ന റേഡിയോ പരിപാടിയിലൂടെയാണ് ആഗോള മിഷന്‍ ജപമാല എന്ന ആശയം മുന്നോട്ടുവച്ചത്. അഞ്ച് നിറങ്ങളിലുള്ള ജപമാല ഉപയോഗിച്ച് ചെല്ലുന്ന ഈ പ്രാര്‍ത്ഥനയില്‍ ഓരോ നിറവും ഓരോ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്നു. ഇതിലൂടെ ലോകത്തെ മുഴുവന്‍ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നു.
ലോക മിഷന്‍ ദിനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കമായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 1 മുതല്‍ 31 വരെ, തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ബ്രിസ്‌ബെയ്ന്‍ സമയം 2.00 പിഎം മുതല്‍ 3.00 പിഎം വരെ ഓണ്‍ലൈനില്‍ വിശ്വാസികള്‍ക്ക് ജപമാലയില്‍ പങ്കുചേരാം. ഈ മിഷന്‍ ജപമാലയുടെ സ്ഥാപകനായ ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ഷീനിനെ ഈ വര്‍ഷം സെപ്റ്റംബര്‍ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ഈ ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണ്.