മൈതാനത്തും വിശ്വാസസാക്ഷ്യം: ലോകകപ്പ് സെമിഫൈനലിൽ കുരിശടയാളം പതിച്ച വിസിലുമായി റഫറി; ചിത്രം വൈറൽ
ഡാലസ്: സ്പെയിനും ഫ്രാൻസും തമ്മിലുള്ള നിർണായകമായ ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടയിൽ ശ്രദ്ധേയമായൊരു വിശ്വാസ സാക്ഷ്യത്തിന് സാക്ഷിയായി ലോകം. കളി നിയന്ത്രിച്ച എൽ സാൽവഡോറിൽ നിന്നുള്ള റഫറി ഇവാൻ ബാർട്ടൻ തന്റെ വിസിലിൽ ചേർത്തു പിടിച്ച ചെറിയ വെള്ളി കുരിശുരൂപമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ആരാധനക്രമപരമായ തിരുക്കർമ്മങ്ങളിൽ മാർപാപ്പമാർ ഉപയോഗിക്കുന്ന ഇടയദണ്ഡിനെ (പേപ്പൽ ഫെറുല) അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചെറിയൊരു കുരിശു രൂപമാണ് ഇവാൻ ബാർട്ടന്റെ വിസിലിന്റെ താഴെ ഭാഗത്തായി ഘടിപ്പിച്ചിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കിയ ഈ വലിയ മത്സരത്തിന്റെ ഗതി നിയന്ത്രിക്കുമ്പോൾ തന്റെ വിശ്വാസത്തെയും അദേഹം കൂടെക്കരുതുകയായിരുന്നു.
മത്സരത്തിനിടെ ചില കാണികൾ ഈ കുരിശുരൂപം ശ്രദ്ധിച്ചിരുന്നെങ്കിലും പ്രമുഖ കായിക മാധ്യമമായ 'ഇ.എസ്.പി.എൻ' ഇതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വലിയ വാർത്തയായത്. മിതത്വത്തോടെയുള്ള ഈ വിശ്വാസ പ്രഘോഷണത്തെ സ്പോർട്സ് പ്രേമികൾ വലിയ ആദരവോടെയാണ് കാണുന്നത്.
ദശലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിൽ തന്റെ വിശ്വാസത്തെ ഇത്രയും സൂക്ഷ്മമായി സാക്ഷ്യപ്പെടുത്താൻ സാധിച്ച ഇവാൻ ബാർട്ടന്റെ നടപടി ക്രൈസ്തവ സമൂഹത്തിന് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. തന്റെ വിസിലിലെ ഈ കുരിശു രൂപത്തെക്കുറിച്ച് ബാർട്ടൻ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും കായിക ലോകത്ത് ഇത്തരം ഒരു പ്രവൃത്തി വലിയൊരു സന്ദേശമായി മാറിക്കഴിഞ്ഞു.