ലോകകപ്പ് ഫൈനൽ ആഘോഷം; വിജയാഘോഷങ്ങൾ അക്രമത്തിലേക്ക് പോകരുത്, നിർദേശവുമായി കൊച്ചി സിറ്റി പൊലീസ്
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്.
വിജയാഘോഷങ്ങള്‍ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാന്‍ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കല്‍, വാഹനങ്ങളില്‍ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യല്‍, അമിതശബ്ദത്തില്‍ ഹോണ്‍ മുഴക്കല്‍ എന്നിവയുള്‍പ്പെടെ പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങള്‍ ഗുരുതര അപകടങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിര്‍ദേശം നല്‍കി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു.
എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.