കാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവപ്രത്യാശയുടെ വിശ്വസനീയ സാക്ഷ്യം: ലിയോ പാപ്പാ

 
leo 1



സ്‌പെയിനിലേക്കുള്ള തന്റെ അപ്പസ്‌തോലികയാത്രയുടെ അഞ്ചാം ദിവസമായ ജൂണ്‍ പത്താം തീയതി ബുധനാഴ്ച, കറ്റലോണിയയയിലെ ബാഴ്‌സലാലോണ അതിരൂപതയുടെ കാരുണ്യസേവനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.


 തനിക്ക് ലഭിച്ച സ്വീകരണത്തിനും, സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട സാക്ഷ്യങ്ങള്‍ക്കും നന്ദി പറഞ്ഞ പാപ്പാ, ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത് പരാമര്‍ശിച്ചുകൊണ്ട്, ജീവിതം ഒറ്റയ്ക്ക് പ്രദര്‍ശനവസ്തുവാക്കാനുള്ള ഒന്നല്ലെന്നും, ഒരുമിച്ച് കൂട്ടായ്മയില്‍ ജീവിക്കാനും മുന്‍പോട്ട് പോകാനുമുള്ള ഒന്നാണെന്നും ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ അറിയാത്തവര്‍, ഇനിയും ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

റെന്‍സോ എന്ന ഒരു കുട്ടിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിക്കൊണ്ട്, താന്‍ പാപ്പയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാല്‍ ദൈവഹിതമനുസരിച്ച് അഗസ്റ്റീനിയന്‍ സഭയില്‍ ചേരുകയായിരുന്നുവെന്നും പറഞ്ഞു. 


ഓരോ കുട്ടിയും ദൈവത്തിന്റെ സ്വപ്നപദ്ധതിയുടെ ഭാഗമാണെന്നും, അവന്‍ നമ്മുടെ സന്തോഷാമാണ് ആഗ്രഹിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.  നാം എന്തായിത്തീരുന്നു എന്നതിനേക്കാള്‍ യേശുവിന്റെ സുഹൃത്തായിത്തീരാന്‍ ആഗ്രഹിക്കുന്നുവോ എന്നതാണ് പ്രധാനപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു.

ജീവിതത്തില്‍ കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ പാപ്പാ, യേശുവിന്റെ ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടി, നന്മ ചെയ്തുകൊണ്ട് കടന്നുപോയ അവന്‍ ക്രൂശിക്കപ്പെട്ടുവെന്നും, എന്നാല്‍, മൂന്നാം ദിനത്തില്‍ അവന്‍ ഉയിര്‍ത്തുവെന്നും ഓര്‍മ്മിപ്പിച്ചു. സഹനങ്ങള്‍ക്കപ്പുറം നിത്യമായ ആനന്ദം ഉണ്ടെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

മുത്തശ്ശീമുത്തച്ഛന്മാര്‍ക്ക് നല്‍കേണ്ട പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, തങ്ങളുടെ കൊച്ചുമക്കളുടെ ശുശ്രൂഷയ്ക്കായി പോലും അദ്ധ്വാനിക്കുന്ന അവര്‍ ഒറ്റയ്ക്കാക്കപ്പെടരുതെന്ന് ഓര്‍മ്മിപ്പിച്ചു. 

സ്‌നേഹത്തിന് പകരം സ്‌നേഹം കൊണ്ടാണ് മറുപടി നല്‍കേണ്ടതെന്നും അതാണ് യേശു നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

എല്ലായ്പ്പോഴും ക്ഷമിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ പാപ്പാ, ക്ഷമിക്കുകയെന്നാല്‍ നാം നേരിട്ട തെറ്റിനെ അംഗീകരിക്കുകയെന്നോ, അതില്‍ തുടരാന്‍ മറ്റുള്ളവരെ അനുവദിക്കുക എന്നോ അല്ല, വിദ്വേഷം നമ്മുടെ ഹൃദയത്തെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു.

റെന്‍സോയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം, പൊതുസദസ്സിനോടായി സംസാരിക്കവെ, ക്രൈസ്തവവിശ്വാസം ഒരു കൃപയാണെന്നതാണ് വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. 

മറ്റുള്ളവര്‍ക്ക് വേണ്ടി പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അനുഗ്രഹിക്കുമെന്ന്, കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

ദൈവത്തെയും മറ്റുള്ളവരെയും പ്രതിഫലേശ്ചകൂടാതെ സ്‌നേഹിക്കാനും, സഹനമനുഭവിക്കുന്ന മനുഷ്യരില്‍ കര്‍ത്താവാണ് സഹിക്കുന്നതെന്ന ബോധ്യത്തോടെ അവരുടെ നന്മ ആഗ്രഹിക്കാനുമാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 


യേശുവില്‍ അധിഷ്ഠിതവും, അവന്റെ സ്‌നേഹത്താല്‍ വളരുന്നതുമായ സുവിശേഷാത്മകസ്‌നേഹമാണ് വ്യക്തിഗത, സാമൂഹിക ക്രൈസ്തവ ജീവിതത്തിന് രൂപവും വ്യക്തിത്വവും നല്‍കുന്നത്.

അതിരൂപതയിലെ കാരുണ്യസേവനപ്രവര്‍ത്തകരെയും, അതുമായി ബന്ധപ്പെട്ട ഏവരെയും കണ്ടുമുട്ടാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ബോധ്യം നഷ്ടപ്പെട്ടുവോ എന്ന ചോദ്യമുയരുന്ന ഒരു കാലത്താണ് നിങ്ങള്‍ ദുര്‍ബലര്‍ക്കും പാവപ്പെട്ടവര്‍ക്കും ശുശ്രൂഷ ചെയ്യുന്നതെന്ന് പ്രസ്താവിച്ചു. 

ക്രൈസ്തവര്‍ ദൈവസ്‌നേഹം അനുഭവസ്ഥമാക്കാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഒരേ ദൈവപിതാവിന്റെ മക്കളാണ് നാമെന്ന ബോധ്യത്തോടെ മറ്റുള്ളവരെ സ്വീകരിക്കാനാണ് ദൈവം നമ്മെ വിളിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച പരിശുദ്ധ പിതാവ്, സഭാനേതൃത്വത്തിനൊപ്പവും സുവിശേഷത്തിന്റെ സാക്ഷ്യമായും, ക്രൈസ്തവജീവിതത്തിന്റെ മനോഹാരിത ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടും ഈ ശുശ്രൂഷകള്‍ തുടരാന്‍ ആഹ്വാനം ചെയ്തു. 

ക്രൈസ്തവമായ പ്രത്യാശയുടെ വിശ്വസനീയരായ സാക്ഷികളാണ് നിങ്ങളെന്ന് പാപ്പാ പ്രസ്താവിച്ചു.
 

Tags

Share this story

From Around the Web