ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണമനോഭാവത്തോടെയുമുള്ള ജോലി ദൈവത്തിന് മഹത്വമേകുന്നു: ലിയോ പതിനാലാമന്‍ പാപ്പാ

 
leo papa 1



വത്തിക്കാന്‍: തിരുപ്പിറവിയുടെ പുല്‍ക്കൂട്ടില്‍, തിരുക്കുടുംബത്തിനും ആട്ടിടയന്മാര്‍ക്കുമൊപ്പം, ലോകത്ത് മറ്റു പ്രവര്‍ത്തികളിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യരും അവിടെയുള്ള മറ്റു രൂപങ്ങളിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ടെന്നും, ദൈവിക പദ്ധതിയിലാണ് നമ്മുടെ പ്രവൃത്തികളുടെ പൂര്‍ണ്ണമായ മനോഹാരിത വെളിവാകുന്നതെന്നും ലിയോ പതിനാലാമന്‍ പാപ്പാ. 


വത്തിക്കാന്‍ കൂരിയയിലെയും, വത്തിക്കാന്‍ ഗവര്‍ണറേറ്റിലെയും റോം വികാരിയാത്തിലെയും ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍  ഡിസംബര്‍ 22 തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെ, ആത്മാര്‍ത്ഥതയോടെയുള്ള ജോലി ദൈവത്തിന് മഹത്വമേകുന്നതാണെന്ന് പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.

ഈ കൂടിക്കാഴ്ചയുടെ ആരംഭത്തില്‍, തനിക്ക് നല്‍കിയ ഊഷ്മളമായ അഭിവാദ്യങ്ങള്‍ക്കും കരഘോഷത്തിനും നന്ദി പറഞ്ഞ പരിശുദ്ധ പിതാവ്, ഇതാദ്യമായി വത്തിക്കാനില്‍ ജോലി ചെയ്യുന്ന ഏവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുമിച്ച് കാണാനായതിലുള്ള സന്തോഷം മറച്ചുവച്ചില്ല. 


വത്തിക്കാനും പരിശുദ്ധ സിംഹാസനത്തിനും വേണ്ടി ഏവരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞ പാപ്പാ, വത്തിക്കാന്‍, വിവിധ ഓഫീസുകളുടെയും സേവനങ്ങളുടയും ഒരു മൊസൈക് പോലെയാണെന്നും, താന്‍ അതിനെ കൂടുതലായി മനസ്സിലാക്കിവരികയാണെന്നും പറഞ്ഞു.

 വത്തിക്കാനുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.

ക്രിസ്തുമസിനോടടുത്ത ഈ അവസരത്തില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന പുല്‍ക്കൂടുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, സാധാരണയായി പുല്‍ക്കൂട്ടില്‍, തിരുക്കുടുംബത്തിനും ആട്ടിടയന്മാര്‍ക്കുമൊപ്പം പഴയകാല ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടതും, ഇന്നില്ലാത്തതോ, നവീകരിക്കപ്പെട്ടതോ ആയ വിവിധ യാഥാര്‍ത്ഥ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മറ്റു പ്രതിമകളും രൂപങ്ങളും ഇടം പിടിക്കാറുണ്ടെന്നത് ഓര്‍മ്മിപ്പിച്ചു. 


നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും ജോലികളും, അവയുടെ പൂര്‍ണ്ണമായ അര്‍ത്ഥം കണ്ടെത്തുന്നത്, ദൈവത്തിന്റെ പദ്ധതിയിലാണെന്നും, യേശുക്രിസ്തുവാണ് അതിലെ കേന്ദ്രബിന്ദുവാണെന്നുമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

പുല്‍ത്തൊട്ടിയിലെ ഉണ്ണിയേശു എല്ലാവരെയും എല്ലാത്തിനെയും അനുഗ്രഹിക്കുന്നുവെന്നും അവന്റെ സൗമ്യവും എളിമയാര്‍ന്നതുമായ സാന്നിദ്ധ്യം ദൈവത്തിന്റെ ആര്‍ദ്രതയാണ് എങ്ങും പരത്തുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പുല്‍ക്കൂട്ടില്‍ പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും ഉണ്ണിയേശുവിനെ വണങ്ങുകയും ആട്ടിടയന്മാര്‍ സാകൂതം അങ്ങോട്ടേയ്ക്കെത്തുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ അനുദിനപ്രവര്‍ത്തികള്‍ ചെയ്യുന്നതായാണ് ചിത്രീകരിക്കപ്പെടുകയെന്നത് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇവിടെ നടക്കുന്ന പ്രധാന സംഭവത്തില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നും, നമ്മുടെ പ്രവര്‍ത്തികള്‍ കൃത്യമായും നല്ല രീതിയിലും ചെയ്യുന്നതുവഴി നമുക്കും ദൈവത്തെ മഹത്വപ്പെടുത്താനാകുമെന്നും പ്രസ്താവിച്ചു.

ചിലപ്പോഴൊക്കെ ആളുകള്‍ വിവിധ ചിന്തകളില്‍ മുഴുകിയും ജോലിത്തിരക്കിലും കര്‍ത്താവിനെക്കുറിച്ചോ സഭയെക്കുറിച്ചോ ചിന്തിക്കാറില്ല എന്ന തോന്നല്‍ നിലനില്‍ക്കുമ്പോഴും, സമര്‍പ്പണബോധത്തോടെയും, ഏറ്റവും നല്ലതായ രീതിയിലും, കുടുംബത്തോടും കുട്ടികളോടുമുള്ള സ്‌നേഹത്തോടെയും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്യുക എന്നത്തിലൂടെ ദൈവത്തിന് മഹത്വം നല്‍കുകയാണെന്നാണ് നാം മനസ്സിലാക്കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

യേശുവിന്റെ ജനനത്തില്‍നിന്ന് ലാളിത്യത്തിന്റെയും എളിമയുടെയും  ശൈലി അഭ്യസിക്കാമെന്നും, ഇത് കൂടുതലായ രീതിയില്‍ സഭയുടെ ശൈലിയായി മാറുന്നതിനുവേണ്ടി ശ്രമിക്കാമെന്നും പാപ്പാ പറഞ്ഞു. 

Tags

Share this story

From Around the Web