റോമിലെ വിശുദ്ധ വാതിലുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ അവസാനഘട്ടത്തിലേക്ക്
നാല് മേജര്‍ ബസലിക്കകളിലെയും വിശുദ്ധ വാതിലുകള്‍ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ബാക്കി പ്രവര്‍ത്തനങ്ങള്‍ ജനുവരി പതിനാറാം തീയതി അവസാനിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
ജനുവരി പതിനാലിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍, നാല് ബസലിക്കകളിലെയും വിശുദ്ധ വാതിലുകള്‍ക്ക് പിന്നിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരങ്ങള്‍ പ്രെസ് ഓഫീസ് പങ്കുവച്ചു.
പതിവനുസരിച്ച്, ഭിത്തി കെട്ടി അടയ്ക്കുന്നതിന് മുന്‍പ് അതിനുള്ളില്‍, വിശുദ്ധ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖ, വിശുദ്ധ വാതിലിന്റെ താക്കോല്‍, അവസാനമായി വിശുദ്ധ വാതില്‍ അടയ്ക്കപ്പെട്ടതുമുതല്‍, അതായത് 2016 മുതല്‍ ഇതുവരെയുള്ള പൊന്തിഫിക്കല്‍ മെഡലുകള്‍ തുടങ്ങിയവ ഒരു ചെമ്പ് പേടകത്തിനുള്ളില്‍ അടച്ച് നിക്ഷേപിക്കപ്പെടും.
ബസലിക്കയുമായി ബന്ധപ്പെട്ട മെഡലുകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവയും ഇതില്‍ ഉള്‍പ്പെടുത്തും. ചടങ്ങുകള്‍ സ്വകാര്യമായിരിക്കും.
ഫ്രാന്‍സിസ് പാപ്പായുടെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മേരി മേജര്‍ ബസലിക്കയിലെ വിശുദ്ധ വാതിലിന് പിന്നില്‍ ഭിത്തി കെട്ടി അടയ്ക്കുന്ന പ്രവര്‍ത്തികള്‍ ജനുവരി 13 ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ, പൂര്‍ത്തിയായി.
ചടങ്ങുകള്‍ക്ക് ബസലിക്കയുടെ ആര്‍ച്ച് പ്രീസ്‌റ് കര്‍ദ്ദിനാള്‍ റൊളാന്താസ് മക്‌റിസ്‌കാസ് കാര്‍മ്മികത്വം വഹിച്ചു.
പൊന്തിഫിക്കല്‍ ആരാധനാക്രമകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗം തലവന്‍ മോണ്‍സിഞ്ഞോര്‍ ദിയേഗോ ജ്യോവന്നി റവെല്ലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകള്‍, പൊന്തിഫിക്കല്‍ ചടങ്ങുകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വിഭാഗത്തിലെ മോണ്‍. ലൂബോമീര്‍ വെല്‍നിറ്റ്‌സ് നിയന്ത്രിച്ചു.
ജനുവരി പതിനാലാം തീയതി വൈകുന്നേരം വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയിലെ പണികളും പൂര്‍ത്തിയായി. ചടങ്ങുകളില്‍ റോം രൂപതയ്ക്കുവേണ്ടിയുളള വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ബാള്‍ദസേരെ റെയ്ന കാര്‍മ്മികത്വം വഹിച്ചു.
പൊന്തിഫിക്കല്‍ ആരാധനാക്രമകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗം തലവന്‍ മോണ്‍സിഞ്ഞോര്‍ ദിയേഗോ ജ്യോവന്നി റവെല്ലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകള്‍, പൊന്തിഫിക്കല്‍ ചടങ്ങുകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വിഭാഗത്തിലെ മോണ്‍. ക്രിസ്റ്റോഫ് മര്‍ജ്യാനോവിച് നിയന്ത്രിച്ചു.
റോമന്‍ മതിലുകള്‍ക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ വിശുദ്ധ വാതിലിന് പിന്നില്‍ ഭിത്തി കെട്ടി അടയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനുവരി 15 വ്യാഴാഴ്ച നടന്നു.
ഏറ്റവും അവസാനമായി ജനുവരി പതിനാറാം തീയതി വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ജോലികള്‍ അവസാനിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമെന്ന് പരിശുദ്ധ സിംഹാസനം തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി..