സ്ത്രീയുടെ താല്പര്യത്തിനാണ് മുൻഗണന; പ്രത്യുൽപാദന അവകാശങ്ങളിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

 
supreme court

ഡല്‍ഹി: ഗര്‍ഭച്ഛിദ്രം സംബന്ധിച്ച നിയമങ്ങളില്‍ സ്ത്രീയുടെ താല്പര്യത്തിനും അന്തസ്സിനുമാണ് പരമമായ പ്രാധാന്യമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പീഡനത്തിനിരയായ 15 വയസ്സുകാരിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

അനാവശ്യമായ ഒരു ഗര്‍ഭധാരണം തുടരാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് വ്യക്തിയുടെ അന്തസ്സിനും ശാരീരിക സ്വയംഭരണാധികാരത്തിനും വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. സ്വന്തം ശരീരത്തില്‍ എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം സ്ത്രീക്കുണ്ടെന്ന് കോടതി അടിവരയിട്ടു.

എയിംസിലെ ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിലെ ചില ആശങ്കകള്‍ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. ഡോക്ടര്‍മാര്‍ക്ക് വൈദ്യോപദേശം നല്‍കാം എന്നല്ലാതെ, കൃത്യമായ അറിവോടെ സ്ത്രീ എടുക്കുന്ന തീരുമാനത്തെ മറികടക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പുനഃപരിശോധിക്കാന്‍ കോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. പീഡനത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യത്തില്‍ നിയമം കൂടുതല്‍ ലളിതവും മനുഷ്യത്വപരവുമാകണം. കൂടാതെ, ഗര്‍ഭച്ഛിദ്രത്തിന് എത്തുന്ന സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ പാടില്ലെന്നും നിയമം സംരക്ഷണം നല്‍കുന്നു.

1971-ലാണ് ഇന്ത്യയില്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് നിലവില്‍ വന്നത്. സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രം ഉറപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഇത് വെറുമൊരു വ്യക്തിഗത ഇഷ്ടമായോ കുടുംബം ആസൂത്രണം ചെയ്യാനോ ഉള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാന്‍ കഴിയില്ല.

ചില പ്രത്യേക സാഹചര്യങ്ങളില്‍ (ഉദാഹരണത്തിന്: അമ്മയുടെ ജീവന് ഭീഷണി, പീഡനം, ഭ്രൂണത്തിന് വൈകല്യങ്ങള്‍) മാത്രമേ നിലവില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമാകൂ. ഇതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web